കോഴിക്കോട്: ഡ്രൈവിംഗ് ലൈസൻസിനുള്ള കാഴ്ച പരിശോധനയോടൊപ്പം ട്രാഫിക് ബോധവൽക്കരണം സാർവത്രികമായി നടപ്പാക്കണമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ. കോഴിക്കോട് പുത്തലത്ത് കണ്ണാശുപത്രിയും മോട്ടോർ വാഹനവകുപ്പും മഹാത്മാ ഐ റിസർച്ച് ഫൗണ്ടേഷനും സംഘടിപ്പിച്ച “കണ്ണ് പരിശോധനയോടൊപ്പം റോഡ് സുരക്ഷ’എന്ന പദ്ധതി ഉദ്ഘടനം ചെയ്യുകയായിരുന്നു മന്ത്രി.
ഡ്രൈവിംഗ് ലൈസൻസിന് അപേക്ഷിക്കുന്നവർക്ക് കാഴ്ചപരിശോധന നിർബന്ധമാണ്. അതിനായി നേത്രരോഗവിദഗ്ദനെ സമീപിക്കുന്നവർക്ക് ആ പരിശോധനാസമയത്ത് തന്നെ റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട സുപ്രധാന കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തുകയും “ഞാൻ സുരക്ഷിതമായേ ഡ്രൈവ് ചെയ്യു”എന്നൊരു മനോഭാവം അവരിൽ ആഴത്തിലുറപ്പിക്കുകയുമാണ് ഈ പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്.
ഇതിന്റെ മുന്നോടിയായി വിവിധ കണ്ണാശുപത്രികളിൽനിന്നുള്ള റിഫ്രാക്ഷനിസ്റ്റുകൾക്ക് എംവിഐയുടെ നേതൃത്വത്തിൽ പരിശീലനം നൽകുകയും പരിശീലനം പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം മന്ത്രി നിർവഹിക്കുകയും ചെയ്തു. ജോയിന്റ് ട്രാൻസ്പോർട് കമ്മിഷണർ രാജീവ് പുത്തലത്ത് അധ്യക്ഷത വഹിച്ചു.
ഡോ. സുരേഷ് പുത്തലത്ത് പദ്ധതി വിശദീകരിച്ചു. കോഴിക്കോട് ആർടിഒ സുഭാഷ് ബാബു ഡ്രൈവിംഗിനുള്ള മാർഗ നിർദ്ദേശം നൽകി. ചടങ്ങിൽ സ്റ്റേറ്റ് ട്രാൻസ്പോർട് അതോറിറ്റി മെമ്പർ ആലിക്കോയ, ജില്ലാ ഡ്രൈവിംഗ് സ്കൂൾ കോർഡിനേഷൻ കമ്മിറ്റി ചെയർമാൻ അഷ്റഫ് നരിമുക്കിൽ, അശോകൻ ആലപ്പുറത്ത് ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ശിശിര ശിവൻ എന്നിവർ പ്രസംഗിച്ചു.