കാഞ്ഞിരപ്പള്ളി: ബൈക്കിൽ ഹെൽമറ്റ് വയ്ക്കാതെ ചീറിപ്പാഞ്ഞെത്തിയ യുവാവ് പെട്ടന്നാണ് പോലീസിനെ കണ്ടത്. രക്ഷപെടുവാൻ ഒരു വിഫലശ്രമം നടത്തിയെങ്കിലും കൈയോടെ പിടികൂടി. കാശു പോകുമെന്നുറപ്പിച്ച് പോക്കറ്റിലേക്ക് കൈയിടുന്നതിനിടെ യുവാവിന് മുന്നിലേക്ക് പേലീസിനൊപ്പം പഞ്ചായത്ത് പ്രസിഡന്റുമാരുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും എത്തി. കാര്യമറിയാതെ യുവാവ് ഒന്ന് പകച്ചു. പിന്നെ ഹെൽമറ്റില്ലാതെ യാത്ര ചെയ്താലുണ്ടാകുന്ന അപകട സാധ്യതയെപ്പറ്റി പോലീസിന്റെയും ജനപ്രതിനിധികളുടെയും ബോധവത്ക്കരണം. ഒടുവിൽ തെറ്റ് ആവർത്തിക്കരുതെന്ന മുന്നറിയിപ്പും നൽകി വിട്ടയച്ചു.
ഇന്നലെ മണിമലയിലായിരുന്നു സംഭവം. വർധിച്ചു വരുന്ന വാഹനാപകടങ്ങൾക്ക് തടയിടുക എന്ന ലക്ഷ്യവുമായി മണിമലയിൽ ജനപ്രതിനിധികളും പോലീസും ചേർന്ന് നടത്തിയ വാഹന പരിശോധനയ്ക്കിടെ അരങ്ങേറിയ ദൃശ്യങ്ങളാണിത്. മണിമല, വെള്ളാവൂർ പഞ്ചായത്ത് പ്രസിഡന്റുമാരും പഞ്ചായത്തംഗങ്ങളുമാണ് പോലീസിനൊപ്പം വാഹന പരിശോധനയിൽ പങ്കെടുത്തത്.
വാഹന പരിശോധന പതിവാക്കിയിട്ടും നിയമലംഘനത്തിനെതിരേയുള്ള കേസുകളുടെ എണ്ണം വർധിച്ചിട്ടും അപകടങ്ങൾ കുറയാത്ത സാഹചര്യത്തിലാണ് ജനപ്രതിനിധികളെ കൂടി പങ്കെടുപ്പിച്ച് ബോധവത്ക്കരണം നടത്താൻ പോലീസ് തീരുമാനിച്ചത്. ആദ്യ ദിനത്തിൽ നടത്തിയ സംയുക്ത പരിശോധനയിൽ തന്നെ നിരവധി കേസുകളാണ് പിടികൂടാൻ കഴിഞ്ഞത്. ആദ്യ ദിനമായതിനാൽ ഇവരെയെല്ലാം ബോധവത്ക്കരണം നടത്തി വിട്ടയച്ചു.
ഹെൽമറ്റ്, സീറ്റ് ബെൽറ്റ് എന്നിവ ഉപയോഗിക്കാതെ വാഹനമോടിച്ചവർക്ക് പുറമെ ലൈസൻസില്ലാതെ വാഹനമോടിച്ചവരും പരിശോധനയിൽ പിടിയിലായി. പോലീസും ജനപ്രതിനിധികളും ചേർന്നുള്ള വാഹന പരിശോധനയ്ക്ക് പിന്നിലെ ആശയം മണിമല സിഐ ടി.ഡി സുനിൽ കുമാറിന്റെതാണ്.
വാഹന പരിശോധന നടത്തി നിയമ ലംഘനത്തിന് പിഴ ചുമത്തുമ്പോൾ നിയമങ്ങൾ അടിച്ചേല്പിക്കുന്നു എന്ന ചിന്താഗതിയാണ് വാഹന ഡ്രൈവർമാർക്ക് . ഇതൊഴിവാക്കാൻ ജനപ്രതിനിധികളുമായി ചേർന്നുള്ള വാഹന പരിശോധന സഹായിക്കും എന്നാണ് പോലീസിന്റെ കണക്കു കൂട്ടൽ. ഒപ്പം ബോധവത്ക്കരണം വഴി അപകടങ്ങൾ കുറയ്ക്കാൻ കഴിയുമെന്നും ഇവർകരുതുന്നു.
അതു കൊണ്ട് തന്നെ ഗ്രാമ പഞ്ചായത്തംഗങ്ങളുമായി ചേർന്നുള്ള വാഹന പരിശോധന തുടരാനാണ് പോലീസിന്റെ തീരുമാനം.കൂടാതെ പെറ്റി കേസെടുക്കുന്പോൾ നേതാക്കളെക്കൊണ്ട് പോലീസിനെ സ്വാധീനിക്കാനുള്ള ശ്രമവും നടക്കില്ല.