ബംഗളുരു: ഇതിനെയാണ് ഇരട്ടച്ചങ്ക് എന്നൊക്കെ പറയുന്നത്. അല്ലെങ്കില്‍ ആര്‍ക്കെങ്കിലും ഇന്ത്യന്‍ രാഷ്ട്രപതിയുടെ വാഹനം തടയാനുള്ള ധൈര്യമുണ്ടാവുമോ ? എന്നാല്‍ ബംഗളുരുവിലെ ട്രാഫിക് ഇന്‍സ്പെക്ടര്‍ എം.എല്‍.നിജലിംഗപ്പയ്ക്ക് ആ ധൈര്യമുണ്ടായി. ആംബുലന്‍സിനു കടന്നു പോകാനാണ് നിജലിംഗപ്പ രാഷ്ട്രപതിയുടെ വാഹനവ്യൂഹം തടഞ്ഞത്. ബംഗളുരു മെട്രോ ഗ്രീന്‍ ലൈന്‍ ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ വാഹനം ട്രിനിറ്റി സര്‍ക്കിളിലെ തിരക്കേറിയ ജംഗ്ഷനില്‍ വച്ചാണ് നിജലിംഗപ്പ തടഞ്ഞത്.
ഒരു നല്ല കാര്യത്തിനായി റിസ്ക് എടുക്കാന്‍ തയ്യാറായ നിജലിംഗപ്പയെ അഭിനന്ദിക്കുന്ന തിരക്കിലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ. രാഷ്ട്രപതിയുടെ വാഹനവ്യൂഹം രാജ്ഭവന് ലക്ഷ്യമാക്കി പോകുമ്പോഴാണ് ഒരു ആംബുലന്‍സ് വരുന്നത് നിജലിംഗപ്പയുടെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍തന്നെ ആംബുലന്‍സിനു കടന്നുപോകാന്‍ കഴിയുന്ന തരത്തില്‍ ഗതാഗതം നിയന്ത്രിച്ച് അതു കടത്തിവിടുകയായിരുന്നു. എച്ച്എഎല്‍ ആശുപത്രി ലക്ഷ്യമാക്കിയായിരുന്നു ആംബുലന്‍സിന്റെ യാത്ര. കൃത്യസമയത്ത് പ്രവര്‍ത്തിച്ച ഇന്‍സ്പെക്ടറിന്റെ കഴിവിനെ പ്രശംസിച്ച് ട്രാഫിക് ഈസ്റ്റ് ഡിവിഷന് ഡപ്യൂട്ടി കമ്മിഷണര്‍ അഭേയ് ഗോയലും കമ്മിഷണര്‍ പ്രവീണ്‍ സൂദും ട്വീറ്റ് ചെയ്തു. നിജലിംഗപ്പയ്ക്ക് പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്. എന്തായാലും ഒറ്റ ദിവസം കൊണ്ട് താരമായതിന്റെ സന്തോഷത്തിലാണ് നിജലിംഗപ്പ.