കോട്ടയം: ട്രാഫിക് നിയന്ത്രണത്തിനുള്ള പുതിയ സംവിധാനമാണ് ബക്കറ്റ്. ഏറെ തിരക്കുള്ള നാഗന്പടം റെയിൽവേ സ്റ്റേഷൻ റോഡിൽ കുര്യൻ ഉതുപ്പ് റോഡ് ചേരുന്ന ഭാഗത്താണ് ട്രാഫിക് സംവിധാനത്തിനായി ബക്കറ്റ് സ്ഥാപിച്ചിരിക്കുന്നത്.
നെഹ്റു സ്റ്റേഡിയം- റെയിൽവേ സ്റ്റേഷൻ റോഡിൽ കുര്യൻ ഉതുപ്പു റോഡ് ചേരുന്ന ഈ ഭാഗത്ത് മൂന്നു വശത്തുനിന്നും എപ്പോഴും വാഹങ്ങൾ എത്തുന്ന സ്ഥലമാണ്.
റൗണ്ടാന ഇല്ലാത്തതു മൂലം വാഹനാപകടം ഇവിടെ പതിവാണ്. കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാന സർക്കാരിന്റെ വാർഷികത്തോടനുബന്ധിച്ച് നല്ല വാഹനത്തിരക്കായിരുന്നു. റൗണ്ടാന ഇല്ലാത്തതു മൂലം വാഹനങ്ങൾ തോന്നും പടി കയറി വരുകയാണ്.
ഇതു മൂലം എപ്പോഴും ഇവിടെ ഗതാഗതക്കുരുക്കും വാഹന അപകടവും പതിവാകുന്നു. റൗണ്ടാന സ്ഥാപിക്കണമെന്ന് പോലീസ് പൊതുമരാമത്ത് വകുപ്പിനോടു പല തവണ ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല.
രാത്രികാലത്താണ് അപകടം കൂടുതൽ. ഗതാഗത നിയന്ത്രണത്തിനായി വച്ചിരിക്കുന്ന ബക്കറ്റുകൾ ഇടിച്ചു തെറിപ്പിച്ചാണ് വാഹനങ്ങൾ കടന്നു പോകുന്നത്.
പകൽ സമയത്ത് പോലീസിന്റെ സേവനവും ഇവിടെയില്ല. ടൗണിലെ പ്രധാന ജംഗ്ഷനായ ഇവിടെ അടിയന്തരമായി റൗണ്ടാന നിർമിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
മുന്പ് ഈ ഭാഗത്ത് റൗണ്ടാന ഉണ്ടായിരുന്നു. റോഡ് വീതി കൂട്ടി ടാർ ചെയ്യുന്നതിനായിട്ടാണ് റൗണ്ടാന പൊളിച്ചു മാറ്റിയത്.
പിന്നീട് ട്രാഫിക് പോലീസ് ചെറിയ ഒരു ട്രാഫിക് കൂടാരം സ്ഥാപിച്ചെങ്കിലും പിന്നീട് ഇത് ചുങ്കം ഭാഗത്തേ റോഡിലേക്ക് മാറ്റി. തുടർന്നാണ് ഗതാഗതം നിയന്ത്രിക്കാനായി ബക്കറ്റുകൾ ഉപയോഗിച്ചത്.