സ്വന്തം ലേഖകൻ
തൃശൂർ: സംസ്ഥാനത്ത് ഗതാഗത നിയമലംഘനങ്ങൾക്കെതിരെ കർശന നടപടികളുമായി കേരള പോലീസ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ഇത്തരത്തിൽ നിയമലംഘനവും അതുമൂലമുണ്ടാകുന്ന ഗതാഗതക്കുരുക്കും സംബന്ധിച്ച് നിരവധി പരാതികൾ എംഎൽഎമാരടക്കമുള്ളവരിൽനിന്ന് ലഭിച്ച സാഹചര്യത്തിലാണ് പോലീസ് ഗതാഗതനിയമം കർശനമായി പാലിക്കാനും നിയമലംഘകരെ പിടികൂടാനും രംഗത്തുവന്നിരിക്കുന്നത്.
ഇതു സംബന്ധിച്ച് ഡിജിപി ലോക്നാഥ് ബെഹ്റ എല്ലാ ജില്ല പോലീസ് മേധാവിമാർക്കും നിർദേശങ്ങൾ നൽകിക്കഴിഞ്ഞു. ആലുവ- വൈറ്റില മെട്രോ റോഡിലെ ഗതാഗത നിയമലംഘനങ്ങൾ സംബന്ധിച്ച് നിരവധി പരാതികളും റോഡ് സുരക്ഷ വിദഗ്ധരുടെ അഭിപ്രായങ്ങളും അധികൃ തർക്കു ലഭിച്ചിട്ടുണ്ട്.
ഹെൽമെറ്റ്, ചിൻ സ്ട്രാപ്പുകൾ ധരിക്കാതെയുള്ള ഇരുചക്രവാഹനയാത്ര, വാഹനങ്ങളുടെ ഇടതുവശത്തുകൂടെയുള്ള ഓവർടേക്കിംഗ്, വണ്‍വേ തെറ്റിക്കൽ, രണ്ടു വാഹനങ്ങൾക്കിടയിലൂടെയുള്ള അലക്ഷ്യമായ ഡ്രൈവിംഗ്, സീബ്രലൈനിലൂടെ കാൽനടയാത്രക്കാർ റോഡ് മുറിച്ചുകടക്കുന്പോൾ വണ്ടികൾ നിർത്താതിരിക്കുക, അമിത വേഗം, അപകടകരമായ രീതിയിലുള്ള ഓവർടേക്കിംഗ്, മഞ്ഞ- വെള്ള വരകൾക്ക് പുറത്തുകൂടിയുള്ള യാത്ര, സിഗ്നൽ ലംഘിക്കൽ, ലെയിൻ ട്രാഫിക് നിയമങ്ങൾ പാലിക്കാതിരിക്കൽ, വലിയ ട്രാഫിക് ബ്ലോക്ക് ഉണ്ടാകുന്പോൾ ക്യൂ പാലിക്കാതെ മുന്നോട്ട് തള്ളിക്കയറൽ തുടങ്ങി നിരവധി ഗതാഗതനിയമ ലംഘനങ്ങൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് റിപ്പോർട്ടു ചെയ്യുന്നുണ്ട്.
വാഹനമോടിക്കുന്നവർക്കും വണ്ടിയിലെ യാത്രക്കാർക്കും കാൽനടയാത്രക്കാർക്കും അപകടങ്ങളുണ്ടാകാൻ ഇതെല്ലാം കാരണമാകുന്നുമുണ്ട്. അതിനാൽ ഇത്തരം നിയമലംഘനങ്ങൾക്കെതിരെ കർശന നടപടി കൈക്കൊള്ളാനാണ് ജില്ലാ പോലീസ് മേധാവികൾക്ക് നൽകിയിരിക്കുന്ന സന്ദേശം.
ആവശ്യമായ ബോധവത്കരണം നടത്താനും നിർദേശിച്ചിട്ടുണ്ട്.
ഈ വർഷം ജൂണ്‍ 30 വരെയുള്ള കണക്കുകൾ പ്രകാരം സംസ്ഥാനത്ത് 20,700 വാഹനാപകടങ്ങളുണ്ടായിട്ടുണ്ട്. ഇതിൽ 2249 പേർ മരിക്കുകയും 23519 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ജൂലൈ മുതൽക്കുള്ള കണക്കുകൾ കൂടി ചേർത്താൽ എണ്ണം ഇനിയും കൂടും.