തൃശൂർ: ട്രാഫിക് നിയമലംഘകർക്ക് ഇനി മുതൽ മൊബൈൽ ഫോണിലൂടെ “പണി കൊടുക്കാം’. ട്രാഫിക് നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഫോട്ടോ എടുത്ത് ജോയിന്റ് റീജണൽ ട്രാൻസ്പോർട്ട് ഓഫീസിലേക്ക് വാട്ട്സാപ്പ് സന്ദേശമായി അയക്കാവുന്ന സംവിധാനം നിലവിൽ വന്നു.
സ്കൂൾ വാഹനങ്ങളിൽ കുത്തിനിറച്ച് കുട്ടികളെ കൊണ്ടു പോവുക, മൂന്നു യാത്രക്കാരുമായി മോട്ടോർ സൈക്കിൾ ഉപയോഗിക്കുക, മോട്ടോർ സൈക്കിൾ സൈലൻസർ ആൾട്ടറേഷൻ നടത്തിയും വലിയ ടയറുകൾ ഉപയോഗിച്ചും ഓടിക്കുക, വാഹനം ഓടിക്കുന്പോൾ മൊബൈൽ ഫോണ് ഉപയോഗിക്കുക, ആയമാരില്ലാതെ ചെറിയ കുട്ടികളെ വാഹനങ്ങളിൽ കൊണ്ടുപോവുക, 10 വർഷം പ്രവൃത്തിപരിചയമില്ലാത്ത ഡ്രൈവർമാർ സ്കൂൾ വാഹനങ്ങൾ ഓടിക്കുക എന്നിങ്ങനെ ഏതുതരത്തിലുള്ള നിയമലംഘനവും അറിയിക്കാം.
ഫോട്ടോ അയ്ക്കുന്ന വ്യക്തിയുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും. ഫോട്ടോ എടുക്കുന്ന സ്ഥലം, സമയം എന്നിവ രേഖപ്പെടുത്തണം. വാഹനനന്പറും കുറ്റകൃത്യവും ഫോട്ടോയിൽ വ്യക്തമാക്കാൻ ശ്രദ്ധിക്കണം. വാട്സാപ്പ് നന്പറുകൾ: 8547639147 (തൃശൂർ), 8547639185 (ഗുരുവായൂർ), 94952922368 (ഇരിങ്ങാലക്കുട), 9400334141 (ചാലക്കുടി), 8547639187 (വടക്കാഞ്ചേരി), 8547639186 (കൊടുങ്ങല്ലൂർ).