കോഴിക്കോട്: ട്രാഫിക് നിയമങ്ങൾ പാലിക്കാൻ മടിക്കുന്നവർക്ക് ട്രാഫിക് സംസ്കാരത്തിന്റെ നല്ല പാഠങ്ങൾ പഠിപ്പിക്കുന്നതിനായി ഏകദിന ക്രാഷ് കോഴ്സുമായി ട്രാഫിക് പോലീസ്. ട്രാഫിക് നിയമലംഘനങ്ങൾക്ക് നിശ്ചിത ഫൈൻ മാത്രം ഈടാക്കുന്ന നടപടി വേണ്ടത്ര ഫലം കാണാതിരുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു ബോധവൽക്കരണ ക്ളാസിനെക്കുറിച്ച് പോലീസും മോട്ടോർ വാഹന വകുപ്പും കർശന നടപടി സ്വീകരിച്ചത്. തുടർന്ന് ഒരു വർഷം മുന്പ് ഏകദിന ക്രാഷ് കോഴ്സ് ആരംഭിച്ചു.
എടപ്പാളിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവിങ്ങ് ട്രെയിനിങ്ങ് ആൻഡ് റിസർച്ച് സെന്ററിലാണ് ഒരു ദിവസത്തെ ശാസ്ത്രീയമായ ക്ളാസ് നൽകുന്നത്. റിട്ടയർഡ് ആർടിഒ, റോഡ് നിയമങ്ങളിലെ വിദഗ്ദ്ധർ തുടങ്ങിയവരാണ് ക്ളാസിന് നേതൃത്വം നൽകുന്നത്. ഫൈനിനൊപ്പം 250 രൂപയാണ് ഈ കോഴ്സിന് ഈടാക്കുന്ന തുക. ഒരു ദിവസത്തെ കോഴ്സ് പൂർത്തിയാക്കുന്നവർക്ക് കേന്ദ്ര സർക്കാർ അംഗീകാരത്തോടെയുള്ള സർട്ടിഫിക്കറ്റ് ലഭിക്കും.
വിവിധ നിയമലംഘനങ്ങളുമായി ട്രാഫിക്ക് പോലീസിന്റെ പിടിയിലാകുന്നവർ ഈ കോഴ്സ് പൂർത്തിയാക്കിയശേഷം സർട്ടിഫിക്കറ്റ് ട്രാഫിക് സ്റ്റേഷനിൽ കാണിച്ചാൽ മാത്രമെ കേസിന്റെ നൂലാമാലകളിൽ നിന്നും രക്ഷപ്പെടു. അതിനാൽ തന്നെ ഈ ഏകദിന ബോധവൽക്കരണം പിഴ ഈടാക്കുന്നതിനെക്കാൾ ഫലപ്രദമാണെന്ന് ട്രാഫിക് സൗത്ത് അസിസ്റ്റന്റ് കമ്മീഷണർ എ.കെ ബാബു പറഞ്ഞു.
“സീറ്റ് ബെൽറ്റ് ഇടാതിരിക്കുക, ഹെൽമറ്റ് ധരിക്കാതിരിക്കുക, മുന്നിലെ വാഹനത്തെ അപായകരമായ രീതിയിൽ ഓവർടേക്ക് ചെയ്യുക തുടങ്ങിയ നിസാരമായ വീഴ്ചകളാണ് ഗുരുതരമായ അപകടങ്ങൾക്ക് വഴിവെക്കുന്നത്. ഈ കുറ്റങ്ങൾക്ക് നിയമപരമായ പിഴ മാത്രം ഈടാക്കിയാൽ നാളെയും അവരിത് തന്നെ തുടരും. എന്നാൽ ക്ളാസിലൂടെ ലഭിക്കുന്ന തിരിച്ചറിവും, ഒരു ദിനം മുഴുവൻ ഇതിനായി നഷ്ടപ്പെടുമെന്ന ബോധ്യവും തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ സഹായിക്കും’ അദ്ദേഹം കൂട്ടിചേർത്തു. 1000 ഓളം ഡ്രൈവർമാരെ ഇത്തരത്തിൽ കോഴ്സിൽ പങ്കെടുപ്പിച്ചിട്ടുണ്ട്.
സ്വകാര്യ ബസുകളിലെ ഡ്രൈവർമാരും കണ്ടക്ടർമാരുമാണ് ഇതിലധികവും. ഇരുചക്രവാഹനക്കാരിൽ നിയമം തെറ്റിച്ച് പിടിക്കപ്പെടുന്നതിൽ അധികവും 18 വയസിൽ താഴെയുള്ളവരാണ്. ഇവർക്കും രക്ഷിതാക്കൾക്കും സിറ്റി ട്രാഫിക് സ്റ്റേഷനിൽ വെച്ച്തന്നെ ബോധവൽക്കരണക്ളാസുകൾ നൽകുകയാണ് പതിവ്. ലംഘനങ്ങൾ ഗുരുതരമാകുന്ന സാഹചര്യത്തിൽ രക്ഷിതാക്കളെയും എടപ്പാളിലേക്ക് അയക്കാറുണ്ട്.