സ്വന്തം ലേഖകൻ
തൃശൂർ: പൂങ്കുന്നത്തിനും പുഴയ്ക്കലിനും ഇടയിലുള്ള ലുലു ജംഗ്ഷനിലെ ട്രാഫിക് സിഗ്നൽ ലൈറ്റ് നന്നാക്കാൻ ഇനി വൈകരുത്. പുഴയ്ക്കലിലെ ഗതാഗതക്കുരുക്കിന്റെ സമയത്ത് ട്രാഫിക് സിഗ്നൽ ഇല്ലാതിരുന്നത് ഒരു കണക്കിന് വാഹനമോടിക്കുന്നവർക്ക് അനുഗ്രഹമായിരുന്നുവെങ്കിലും പുഴയ്ക്കൽ പാലം തുറന്ന് ഗതാഗതക്കുരുക്ക് ഒഴിവായതോടെ സിഗ്നൽ ലൈറ്റ് അത്യാവശ്യമായിരിക്കുന്നു.
കോഴിക്കോട് ഭാഗത്തു നിന്നും പൂങ്കുന്നം ഭാഗത്തു നിന്നും അയ്യന്തോളിൽ നിന്നും വരുന്ന വണ്ടികൾ അങ്ങോട്ടുമിങ്ങോട്ടും ക്രോസ് ചെയ്യുന്ന ലുലു ജംഗ്ഷനിൽ സിഗ്നൽ ലൈറ്റില്ലാത്തതുകൊണ്ട് വൻ അപകടസാധ്യതയാണുള്ളത്.ആശയക്കുഴപ്പം കാരണം പലപ്പോഴും വണ്ടികൾ അപകടത്തിൽ പെടുന്നത് പതിവാണ്. സിഗ്നൽ ലൈറ്റുള്ളപ്പോൾ ഒരു പരിധിവരെ ഇതൊഴിവാകുന്നുണ്ട്.
പുഴയ്ക്കലിൽ കുരുക്കുണ്ടായിരുന്ന സമയത്ത് വാഹനങ്ങളെല്ലാം പതുക്കെയാണ് പോയിരുന്നത്. എന്നാൽ ഇപ്പോൾ കുരുക്കില്ലാത്തതിനാൽ വാഹനങ്ങൾക്ക് വേഗതയുണ്ട്. ഇത് അപകടം ക്ഷണിച്ചുവരുത്തുമെന്നതിനാൽ അടിയന്തിരമായി സിഗ്നലുകൾ വീണ്ടും പ്രവർത്തിപ്പിക്കാൻ തുടങ്ങണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. ദുരന്തങ്ങൾ ഉണ്ടാകും മുന്പേ അതിനെ പ്രതിരോധിക്കാൻ മിഴികൾ തുറക്കണം….അധികൃതരുടേയും സിഗ്നലുകളുടേയും….