തിരുവനന്തപുരം: റോഡുകളിലെ നിയമലംഘനങ്ങൾക്കു കർശന നടപടികൾ നിർദേശിക്കുന്ന കേന്ദ്ര മോട്ടോർ വാഹന നിയമഭേദഗതി നാളെ മുതൽ പ്രാബല്യത്തിൽ വരും. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് കേന്ദ്രസർക്കാർ പുറത്തിറക്കി. ഗതാഗത നിയമലംഘനങ്ങളുടെ പിഴ കുത്തനെ ഉയർത്തിയതുൾപ്പെടെ നിരവധി ഭേദഗതികളാണ് പുതിയ നിയമപ്രകാരം നടപ്പാക്കുക. ഇതോടെ ഗതാഗത നിയമലംഘനങ്ങൾക്കു ചുമത്തുന്ന പിഴ ഗണ്യമായി വർധിക്കും.
മദ്യപിച്ച് വാഹനമോടിച്ച് പിടിക്കപ്പെട്ടാൽ ആദ്യതവണ ആറുമാസം തടവും 10,000 രൂപ പിഴയും ലഭിക്കും. കുറ്റകൃത്യം ആവർത്തിക്കപ്പെട്ടാൽ 15,000 രൂപ പിഴയും രണ്ടു വർഷം തടവും ലഭിക്കും. ഇൻഷ്വറൻസ് ഇല്ലാതെ വാഹനമോടിച്ച് പിടിക്കപ്പെട്ടാൽ ആദ്യ തവണ 2000 രൂപ പിഴയും മൂന്നു മാസം തടവും ലഭിക്കും. കുറ്റകൃത്യം ആവർത്തിച്ചാൽ പിഴ 4000 രൂപയായി ഉയരും.
മൂന്നുമാസം വരെ തടവുശിക്ഷയും ലഭിക്കും. പെർമിറ്റില്ലാതെ വാഹനമോടിച്ച് പിടിക്കപ്പെട്ടാൽ 10,000 രൂപ പിഴയും ആറുമാസം തടവും ലഭിക്കും. ഇതേ കുറ്റകൃത്യത്തിനു വീണ്ടും പിടിക്കപ്പെട്ടാൽ 10,000 രൂപ പിഴയും ഒരു വർഷം തടവുശിക്ഷയും ലഭിക്കും. അപകടകരമായ ഡ്രൈവിംഗിന് ആദ്യതവണ 5000 രൂപ പിഴയും ആറു മാസം തടവും ശിക്ഷ ലഭിക്കും. രണ്ടാം തവണ ഇതേ കുറ്റകൃത്യത്തിനു പിടിക്കപ്പെട്ടാൽ 10,000 രൂപ പിഴയും രണ്ടു വർഷം തടവും ലഭിക്കും.
വാഹനമോടിക്കുന്ന പ്രായപൂർത്തിയാകാത്ത കുട്ടികൾക്കെതിരേയും മോട്ടോർ വാഹനവകുപ്പ് നാളെ മുതൽ കർശന നടപടികൾ സ്വീകരിക്കും. ഇതിനായി സ്കൂൾ, കോളജ്, ട്യൂഷൻ സെന്ററുകൾ കേന്ദ്രീകരിച്ച് പരിശോധനകൾ നടത്തും.
പ്രായപൂർത്തിയാകാത്ത വിദ്യാർഥികൾ സ്വന്തമായി ഇരുചക്രവാഹനങ്ങൾ ഉപയോഗിക്കുന്നതായി മോട്ടോർ വാഹന വകുപ്പിന് വിവരം ലഭിച്ചതിനെ തുടർന്നാണിത്. പുതിയ നിയമപ്രകാരം പ്രായപൂർത്തിയാകാതെ വാഹനമോടിക്കുന്ന വ്യക്തിക്ക് 25,000 രൂപ വരെ പിഴ ചുമത്തുകയും വാഹനത്തിന്റെ രജിസ്ട്രേഷൻ ഒരു വർഷത്തേക്കു റദ്ദാക്കുകയും ചെയ്യും.
വാഹനമോടിച്ചയാൾക്ക് 25 വയസ് വരെ ലൈസൻസ് നൽകരുതെന്നും പുതിയ നിയമം അനുശാസിക്കുന്നു. മൂന്നുവർഷം വരെ തടവും ലഭിക്കാം. പിഴ അടയ്ക്കാൻ വൈകിയാൽ ഓരോ വർഷവും ഇതിൽ 10 ശതമാനം വർധനയുണ്ടാകും.
അമിതഭാരം കയറ്റിയാൽ സാധാരണ വാഹനങ്ങൾക്ക് പിഴ 2000 രൂപയും (അധികമുള്ള ഓരോ ടണ്ണിനും 1000 രൂപ വീതം വേറെയും) വലിയ വാഹനങ്ങൾക്കുള്ള പിഴ 20,000 (അധികമുള്ള ഓരോ ടണ്ണിനും 2000 രൂപ വീതം വേറെ) രൂപയുമാണ്.
മുൻപു നടത്തിയ നിയമലംഘനങ്ങൾക്കു പിഴശിക്ഷ തീരുമാനിക്കുന്നതു സെപ്റ്റംബർ ഒന്നിനു ശേഷമാണെങ്കിൽ വർധിപ്പിച്ച പിഴത്തുക നൽകേണ്ടിവരും. ഭേദഗതി അനുസരിച്ച് ലൈസൻസും വാഹന രജിസ്ട്രേഷനും നേടുന്നതിന് ആധാർ നിർബന്ധമാക്കിയിട്ടുണ്ട്. ഇതോടൊപ്പം വാഹന അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിൽ എത്തിക്കുന്നവർക്കു നിയമസംരക്ഷണം ഉറപ്പാക്കുകയും ചെയ്യുന്നു.
റോഡ് നിർമാണത്തിലെ അപാകതയാണ് അപകട കാരണമെങ്കിൽ കരാറുകാരനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കുമായിരിക്കും അപകടത്തിന്റെ ഉത്തരവാദിത്തം. നിലവാരമില്ലാത്ത റോഡ് നിർമാണമാണ് അപകടകാരണമെന്നു തെളിഞ്ഞാൽ ഒരു ലക്ഷം രൂപ പിഴശിക്ഷ ലഭിക്കും. കാലാവധി പൂർത്തിയായ ലൈസൻസ് പുതുക്കുന്നതിനുള്ള സമയപരിധി നിലവിലെ ഒരു മാസത്തിൽ നിന്ന് ഒരു വർഷമാക്കി ഉയർത്തിയിട്ടുണ്ട്.
നിയമം നടപ്പാക്കുന്നതിനോടൊപ്പം “ ട്രാഫിക് നിയമങ്ങൾ പാലിക്കൂ.. നിങ്ങളുടെ പണം ലാഭിക്കൂ..” എന്ന കാന്പയിനും മോട്ടോർ വാഹന വകുപ്പും റോഡ് സുരക്ഷാ അഥോറിറ്റിയും ചേർന്ന് അരംഭിച്ചിട്ടുണ്ട്.