കോഴിക്കോട്: പോലീസിന്റെ വാട്സ് ആപ്പ് നമ്പറിലേക്ക് നിയമലംഘനം നടത്തുന്നവരെ കുറിച്ച്പരാതി പ്രവാഹം. നഗരത്തിലെ ട്രാഫിക് നിയമലംഘനങ്ങള്‍ തടയുന്നതിനായി പൊതുജന പങ്കാളിത്തത്തോടെ സിറ്റി പോലീസ് കമ്മീഷണര്‍ കോറി സഞ്ജയ്കുമാര്‍ ഗുരുദിന് നടപ്പാക്കിയ “ക്ലിക്ക് ഓണ്‍ ആന്‍ഡ് സെൻഡ്’ പദ്ധതിയാണ് ജനങ്ങള്‍ ഏറ്റെടുത്തത്.
ശ്രദ്ധയില്‍പ്പെടുന്ന നിയമ ലംഘനത്തിന്റെ ഫേട്ടോയെടുത്ത് 6238488686 എന്ന മൊബൈല്‍ നമ്പറിലേക്ക് വാട്സ്ആപ്പ് ചെയ്യാന്‍ സൗകര്യമൊരുക്കിയായിരുന്നു കമ്മീഷണര്‍ റോഡപകടങ്ങള്‍ കുറയ്ക്കാനുള്ള കര്‍മപദ്ധതി ആവിഷ്കരിച്ചത്. പദ്ധതി നടപ്പിലാക്കി ഒരാഴ്ചക്കുള്ളില്‍ തന്നെ 554 പരാതികളാണ് ലഭിച്ചത്. പിഴയിനത്തില്‍ 24,000 രൂപയും ഇടാക്കിയിട്ടുണ്ട്. നഗരത്തിലെ വവിവിധ റോഡുകളില്‍ നിന്ന് നാട്ടുകാര്‍ പകര്‍ത്തിയ നിയമലംഘനത്തിന്റെ ഫോട്ടോകളില്‍ നിന്നാണ് ഇത്രയും പേര്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ കഴിഞ്ഞത്. പദ്ധതി നടപ്പാക്കിയ ആദ്യദിവസം തന്നെ 162 സന്ദേശങ്ങളായിരുന്നു പോലീസില്‍ ലഭിച്ചത്.
നഗരത്തിലെ റോഡുകള്‍ പൂര്‍ണമായും സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി ആവിഷ്ക്കരിച്ചത്. നല്ല ഫോട്ടോയ്ക്കും നിര്‍ദേശങ്ങള്‍ക്കും സമ്മാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാ ആഴ്ചയും തെരഞ്ഞെടുക്കുന്ന മികച്ച മൂന്ന് ഫോട്ടോയ്ക്കും മൂന്ന് നിര്‍ദേശത്തിനും പോലീസിന്റെ “ഗുഡ് സമാരിറ്റന്’ സര്‍ട്ടിഫിക്കറ്റ് നല്‍കുകയാണ് ചെയ്യുക.
ട്രാഫിക് പോയിന്റില്‍ ചുവപ്പുലൈറ്റ് തെളിയുമ്പോള്‍ വാഹനങ്ങള്‍ മുന്നോട്ടെടുക്കുക, മൊബൈലില്‍ സംസാരിച്ചുള്ള ഡ്രൈവിംഗ്, മൂന്നുപേര്‍ ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്യുന്നത്, അനധികൃത പാര്‍ക്കിംഗ്, വാഹനങ്ങള്‍ നിയമവിരുദ്ധമായി രൂപമാറ്റംവരുത്തല്, ഹെല്‍മറ്റില്ലാതെയുള്ള യാത്ര, അമിത വേഗത, ബസുകളില്‍ വിദ്യാര്‍ഥികളെ കയറ്റാതിരിക്കല്‍, ലോറികളില്‍ അമിതഭാരം കയറ്റല്‍, വണ്‍വേ തെറ്റിക്കല്‍ തുടങ്ങി എല്ലാവിധ നിയമ ലംഘനങ്ങളും മൊബൈലില്‍ പകര്‍ത്തി പോലീസിന്റെ വാട്സ് ആപ്പ് നമ്പറില്‍ അയക്കാം.
ഫോട്ടോ അയക്കുന്നതോടൊപ്പം നിയമലംഘനം നടന്ന സ്ഥലം, സമയം എന്നിവയും കൃത്യമായി അറിയിക്കുന്ന പക്ഷം പോലീസ് കര്‍ശന നടപടി സ്വീകരിക്കും. നിയമലംഘനങ്ങള്‍ ശ്രദ്ധയില്പ്പെടുത്തുന്നവരുടെ പേരുവിവരം രഹസ്യമായി സൂക്ഷിക്കുകയും ചെയ്യും. നിയമലംഘനങ്ങളുടെ ഫേട്ടോകള്‍ അയക്കുന്നവര്‍ക്ക് സംഭവത്തില്‍ എന്തു നടപടിയെടുത്തുവെന്ന് അന്വേഷിക്കാമെന്നും സിറ്റി പോലീസ് മേധാവി കെ. സഞ്ജയ് കുമാര്‍ ഗുരുദിന് അറിയിച്ചു.
കഴിഞ്ഞവര്‍ഷം നഗരത്തിലുണ്ടായ 1423 വാഹനാപകടങ്ങളില്‍ 154 പേര് മരിക്കുകയും 1552 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കഴിഞ്ഞവര്‍ഷം അപകട മരണങ്ങളില്‍ കുറവുണ്ടെങ്കിലും ഇനിയും മരണനിരക്ക് കുറക്കാനാവുമെന്നാണ് പോലീസ് പ്രതീക്ഷ.
ഇതിന്റെ ഭാഗമായി ട്രാഫിക് നിയമലംഘനം തടയാന്‍ വിവിധ പദ്ധതികളാണ് സിറ്റി പോലീസ് ആസൂത്രണം ചെയ്ത് നടപ്പാക്കിയത്. “സീറോ അവര്‍’ എന്ന പേരില്‍ നടത്തിയ കാമ്പയിനിന്റെ ഭാഗമായി ദിവസേന ഒരുമണിക്കൂര്‍ വീതം നടത്തിയ സംയുക്ത പരിശോധനയില്‍ പിടികൂടിയ 3000ത്തിലേറെ പേര്‍ക്കാണ് ബോധവത്ക്കരണ ക്ലാസ് നല്‍കിയത്.