കൂത്താട്ടുകുളം: പോലീസിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ട്രാഫിക് ബോധവത്കരണ ശില്പശാലയിൽ നഗരസഭ ചെയർമാനെ പങ്കെടുപ്പിക്കാത്തതു സംബന്ധിച്ച് പരാതി. സംസ്ഥാനത്ത് റോഡപകടങ്ങൾ കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ കേരള പോലീസ് നടത്തുന്ന ശുഭയാത്ര2017 പദ്ധതിയുടെ ഭാഗമായി ഇന്നലെ കൂത്താട്ടുകുളം ടൗണ്‍ ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ നഗരസഭ ചെയർമാനും ട്രാഫിക് ഉപദേശക സമിതി ചെയർമാനുമായ പ്രിൻസ് പോൾ ജോണിനെ ക്ഷണിക്കാത്തതാണ് വിവാദത്തിനു കാരണമായിരിക്കുന്നത്.
പ്രശ്നത്തിൽ ചെയർമാൻ മുഖ്യമന്ത്രിക്കു പരാതി നൽകി. എസ്ഐ ഇ.എസ്. സാംസണ്‍ന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി കൂത്താട്ടുകുളം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് എൻ.എൻ. സിജിയാണ് ഉദ്ഘാടനം ചെയ്തത്. ചടങ്ങിൽ പിറവം സിഐ പി.കെ. ശിവൻകുട്ടി, മൂവാറ്റുപുഴ എഎംവിഐ വി.കെ.വിൽസണ്‍, ദേവമാതാ ആശുപത്രിയിലെ ഡോക്ടർ ലിബിൻ എസ്.പ്രസാദ് എന്നിവർ പങ്കെടുത്തിരുന്നു. എന്നാൽ ജനപ്രതിനിധികളെ ആരെയും പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നില്ലെന്നും എല്ലാവർക്കും നോട്ടീസ് നൽകിയിരുന്നതായും പോലീസ് അധികൃതർ വ്യക്തമാക്കി.