കായംകുളം: ഗതാഗതം നിയന്ത്രിക്കാനെത്തിയ എസ്ഐക്കുനേരേ സിപിഎം നേതാവിന്റെ ഭീഷണി. സിപിഎം കായംകുളം ചേരാവള്ളി ലോക്കൽ കമ്മിറ്റി അംഗവും പ്രവാസി സംഘം ഭാരവാഹിയുമായ അഷ്കർ നമ്പലശേരിക്കെതിരെയാണ് പരാതി.
കായംകുളം എസ്ഐ ശ്രീകുമാറിനെയാണ് ഗതാഗതം നിയന്ത്രിക്കുന്നതിനിടയിലുണ്ടായ വാക്കേറ്റത്തിനിടയിൽ ഭീഷണിപ്പെടുത്തിയത്.
കഴിഞ്ഞദിവസം കായംകുളം ഗവ. ബോയിസ് ഹൈസ്കൂളില്‍ മന്ത്രി വി. ശിവന്‍കുട്ടി പങ്കെടുത്ത ഒരു പൊതുപരിപാടിക്കിടയിലാണ് സംഭവം.
മന്ത്രി പ്രസംഗിക്കുന്ന പൊതുവേദിയിലേക്ക് വന്ന പാര്‍ട്ടി പ്രവര്‍ത്തകരെ, ഹെല്‍മറ്റു പരിശോധനയുടെ പേരില്‍ തടഞ്ഞുനിര്‍ത്തിയതാണ് സിപിഎം നേതാവിനെ പ്രകോപിപ്പിച്ചത്.
എസ്ഐയും തിരിച്ച് പ്രതികരിച്ചതോടെ സംഭവം കൈയാങ്കളിയുടെ വക്ക് വരെയെത്തി. പിന്നീട് ട്രാഫിക് നിയന്ത്രിച്ചു വന്ന മറ്റൊരു പോലീസ് ഉദ്യോഗസ്ഥന് സിപിഎം നേതാവിനെയും എസ്ഐയും പിടിച്ചുമാറ്റി രംഗം ശാന്തമാക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യം സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വ്യാപകമായിരിക്കുകയാണ്.
എസ്ഐയെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും എസ്ഐ തന്നോടു മോശമായി പെരുമാറുകയായിരുന്നെന്നും സിപിഎം നേതാവ് അഷ്കർ അവകാശപ്പെട്ടു.