കണ്മുന്പിൽ സ്വന്തം മരണത്തെ കാണും നേരം യാതൊരു പരിചയവുമില്ലാത്തവരാകാം ആ ജീവൻ തിരികെ പിടിക്കുവാൻ സഹായഹസ്തവുമായി ഓടിയെത്തുന്നത്.
ഇതിനു തെളിവെന്ന നിലയിൽ വഴി മുറിച്ചു കടക്കുവാൻ ശ്രമിക്കുന്നതിനിടയിൽ ഇടിച്ചു തെറിപ്പിക്കുവാൻ പാകത്തിൽ തൊട്ടുരുമി നിൽക്കുന്ന ബസിന്റെ മുന്പിൽ നിന്നും ഒരു ട്രാഫിക് പോലീസുദ്യോഗസ്ഥൻ പെണ്‍കുട്ടിയെ രക്ഷിക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ കത്തിപ്പടരുന്നു. തിരുപ്പതി ലീലാ മഹൽ സർക്കിളിലാണ് സംഭവം.
സൈക്കിൾ ഉന്തി വരുന്ന ഒരു പെണ്‍കുട്ടി റോഡ് മുറിച്ചു കടക്കുവാൻ ശ്രമിക്കുന്നതിനിടയിൽ ഒരു ബസ് ഈ പെണ്‍കുട്ടിയെ ഇടിക്കുവാനൊരുങ്ങുകയായിരുന്നു. സമീപം നിന്നയൊരു ട്രാഫിക് പോലീസുദ്യോഗസ്ഥൻ തന്റെ കണ്മുന്പിലെ ദുരന്തം കണ്ട് ഓടിയെത്തി പെട്ടന്ന് പെണ്‍കുട്ടിയെ പിടിച്ചു മാറ്റിയതിനാൽ അനിഷ്ടങ്ങളൊഴിവായി.
ബസിന്റെ ചക്രം കയറി കുട്ടിയുടെ കൈയിലിരുന്ന സൈക്കിൾ തവിടു പൊടിയാകുന്നതും വീഡിയോയിൽ വ്യക്തമാണ്. സമീപത്തെ സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങൾ സോഷ്യൽമീഡിയായിൽ പങ്കുവെച്ചതിനെ തുടർന്ന് ഡ്രൈവറുടെയും പെണ്‍കുട്ടിയുടെയും അശ്രദ്ധയെ നിശിതമായി വിമർശിക്കുകയാണ് ഭൂരിഭാഗമാളുകളും.
മാത്രമല്ല സമയോചിതമായ ഇടപെടലിലൂടെ പെണ്‍കുട്ടിയെ രക്ഷിച്ച ട്രാഫിക് പോലീസുദ്യോഗസ്ഥന് സമൂഹതിന്റെ പല ഭാഗങ്ങളിലും അഭിനന്ദന പ്രവാഹവുമാണ്.