ബംഗളൂരു: ട്രാഫിക് നിയമം ലംഘിച്ചതിനു പിടിക്കപ്പെട്ട ഒരു യുവാവ് പോലീസുകാരന്റെ കൈക്ക് കടിച്ച സംഭവം അടുത്തനാളിൽ ബംഗളൂരുവിൽ ഉണ്ടായിരുന്നു. ട്രാഫിക് പോലീസുമായി ബന്ധപ്പെട്ട മറ്റൊരു കൗതുകവാർത്ത കൂടി ബംഗളൂരുവിൽനിന്ന് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. മുനിരാജ എന്ന വാഹനമുടമയാണ് ഈ സംഭവത്തിലെ കഥാനായകൻ.
പലവിധ ട്രാഫിക് നിയമലംഘനങ്ങൾക്കായി ഇയാൾ പിഴയിനത്തിൽ 49,000 രൂപ ഒടുക്കാനുണ്ടായിരുന്നു. ട്രാഫിക് പോലീസ് പിടികൂടിയപ്പോൾ ഇയാൾ എതിർക്കാനൊന്നും പോയില്ലെന്നു മാത്രമല്ല, മുഴുവൻ തുകയും അപ്പോൾത്തന്നെ പിഴയൊടുക്കുകയും പോലീസുകാർക്കൊപ്പം രസീതും പിടിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്തു.
ബംഗളൂരു പോലീസ് ഈ ചിത്രം എക്സിൽ ഷെയർ ചെയ്തു. നിമയലംഘകരിൽനിന്നു പിഴ ഈടാക്കാനുള്ള നീക്കം ആരംഭിച്ചു കഴിഞ്ഞതായും പണം നൽകാൻ തയാറാത്തവർക്കെതിരേ കോടതിയിൽ കുറ്റപത്രം സമർപ്പിക്കുമെന്നും ജോയിന്റ് പോലീസ് കമ്മീഷണർ അറിയിച്ചു.