കായംകുളം: ട്രാഫിക് നിയമങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഡിജിപിയുടെ ഉത്തരവു പ്രകാരം ട്രാഫിക് പോലീസ് ഉദ്യോഗസ്ഥരുടെയും യൂണിഫോമിൽ കർശന നിർദേശം. വെള്ള ഷർട്ടും കാക്കി പാൻറ്സും നിർബന്ധമാക്കിക്കൊണ്ടാണ് ഉത്തരവായത്. റോഡിൽ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യം പൊതുജനങ്ങൾക്ക് പെട്ടെന്ന് മനസിലാക്കാനായാണ് യൂണിഫോം നിർദേശം കൊണ്ടുവന്നത്.
കായംകുളം ട്രാഫിക് യൂണിറ്റിലെ പൊലീസുകാർ ഇന്നലെ മുതൽ പുതിയ യൂണിഫോം ധരിച്ച് ഡ്യൂട്ടിക്ക് ഇറങ്ങി. ട്രാഫിക് പൊലീസ് സ്റ്റേഷനിൽ ഡിവൈഎസ്പി ആർ. ബിനു മുഴുവൻ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥർക്കും പരേഡ് നയിച്ച് നിർദേശങ്ങൾ നൽകി. പുതിയ ഗതാഗത നിയമപ്രകാരമുള്ള പിഴ ചുമത്തി തുടങ്ങിയിട്ടില്ലാത്തതിനാൽ പട്ടണത്തിലും പരിസരപ്രദേശങ്ങളിലും ഗതാഗതനിയമ ലംഘനങ്ങൾ വർധിച്ചിട്ടുണ്ട്.
മദ്യപിച്ച് വാഹനമോടിച്ച് വരുന്നവരെ പെറ്റി എഴുതി കോടതിയിലേക്ക് അയയ്ക്കുകയാണ് ഇപ്പോൾ ചെയ്തുവരുന്ന രീതി. ഹെൽമെറ്റ് ധരിക്കാതെയും, സീറ്റ് ബെൽറ്റ് ധരിക്കാതെയും, മൂന്നു പേർ കയറി ഇരുചക്ര വാഹനങ്ങളിൽ എത്തുന്നവരെയും തടഞ്ഞുനിർത്തി ബോധവൽക്കരണം നടത്തി വിടുകയാണ് ഇപ്പോൾ ചെയ്യുന്നതെന്നും കായംകുളം ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റ് എസ്ഐ എം. രാജേന്ദ്രൻ പറഞ്ഞു.