തളിപ്പറമ്പ്: ഗതാഗത നിയമം പാലിച്ച ഡ്രൈവര്‍മാര്‍ക്ക് മധുരം നല്കി തളിപ്പറമ്പ് ട്രാഫിക് പോലീസും സ്റ്റുഡന്റ് പോലീസും. ഗതാഗത നിയമങ്ങള്‍ പാലിക്കാത്തവരെ ഉപദേശിക്കുകയും ചെയ്തു. പെറ്റിലെസ് ഡേയുടെ ഭാഗമായാണ് പോലീസ് ജനകീയമായത്. ഇന്നലെ വൈകുന്നേരം തളിപ്പറമ്പ് ന്യൂസ് കോര്‍ണറില്‍ നിന്ന് പോലീസും സ്റ്റുഡന്റ് പോലീസ് കേഡറ്റുകളും ഒരുമിച്ച് നിന്ന് കൈനീട്ടുന്നത് കണ്ട് മിക്ക വാഹന ഡ്രൈവര്‍മാരും പകച്ചു പോയി.
ഹെല്‍മെറ്റിടാത്ത ഇരുചക്ര വാഹന യാത്രികരും സീറ്റ് ബെല്‍റ്റിടാത്ത കാര്‍ യാത്രികരുമെല്ലാം അതിലുണ്ടായിരുന്നു. ചെറിയ ഭയത്തോടെ പോലീസിന് മുമ്പിലെത്തിയ അവരോട് സ്റ്റുഡന്റ് പോലീസ് കേഡറ്റിലെ കുട്ടികള്‍ ഉപദേശവുമായി രംഗത്തെത്തി. നിയമം പാലിക്കണം. ജാഗ്രത കുറവ് അപകടങ്ങള്‍ ക്ഷണിച്ചു വരുത്തുമെന്നും കുട്ടികള്‍ അവരെ ബോധിപ്പിച്ചു.
അതിനിടെ നിയമം പാലിച്ചു വന്നവരെയും കൈ കാണിച്ച് നിര്‍ത്തിച്ച് അവര്‍ക്ക് മധുരപലഹാര വിതരണവും നടത്തി.
ഗതാഗത നിയമം പാലിക്കാത്തവരെ ഒരു ദിവസം പിഴ ഒഴിവാക്കി ബോധവത്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു പരിപാടി ആവിഷ്കരിച്ചതെന്ന് തളിപ്പറമ്പ് ട്രാഫിക് എസ്ഐ കെ.വി.മുരളി പറഞ്ഞു.
ട്രാഫിക് പോലീസും ജനമൈത്രി പോലീസും തളിപ്പറമ്പ് സീതിസാഹിബ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളും സംയുക്തമായാണ് പരിശോധന നടത്തിയത്.ട്രാഫിക് എഎസ്ഐ എം.രഘുനാഥ്, ജനമൈത്രീ പോലീസ് ചുമതലയുള്ള എഎസ്ഐമാരായ പി.രമേശന്, സി. പുരുഷോത്തമന്, കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍ പി.മുഹമ്മദ് സുഹൈല്‍, സീതിസാഹിബ് സ്കൂള്‍ അധ്യാപിക സി.സാബിറ എന്നിവര്‍ നേതൃത്വം നല്കി.