കോട്ടയം: ചുട്ടുപൊള്ളുന്ന ചൂടിൽ മണിക്കൂറുകൾ ട്രാഫിക് ജോലി ചെയ്യുന്ന പോലീസുകാരോട് അധികൃതർക്ക് ഒരു കരുണയുമില്ല. മേൽക്കൂര പോലുമില്ലാത്ത ട്രാഫിക് ഐലൻഡിലാണ് പലരും ഗതാഗതം നിയന്ത്രിക്കുന്നത്. ഗതാഗതം സുഗമമല്ലെങ്കിൽ മേലധികാരിയും യാത്രക്കാരും കുറ്റം പറയുന്നത് ട്രാഫിക് പോലീസുകാരെയാണ്. എന്നാൽ കരിഞ്ഞുണങ്ങുന്ന ചൂടിൽ നിന്ന് ജോലി ചെയ്യുന്ന ഇവരുടെ അവസ്ഥയെക്കുറിച്ച് ആരും ചിന്തിക്കുന്നില്ല.
നാഗന്പടം, സീസർ പാലസ്, പുളിമൂട് ജംഗ്ഷനുകളിലെ ട്രാഫിക് ഐലന്ഡുകൾക്ക്് മേൽക്കൂര പോലുമില്ല. ലോഗോസ്, കളക്ടറേറ്റ്, മനോരമ ജംഗ്ഷനുകളിലെ ഐലന്‍ഡുകളുടെ മേൽക്കൂരകൾ മിക്കയിടത്തും ഇളകിമാറിയും തകർന്നതുമാണ്. മഴ പെയ്യുന്പോൾ പലതും ചോർന്നൊലിക്കും. ട്രാഫിക് പോലീസ് ഐലന്‍ഡിനുള്ളിൽ കുട ചൂടി നിൽക്കേണ്ട അവസ്ഥയാണ്.
നഗരത്തിലെ ട്രാഫിക് ഐലന്‍ഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കേണ്ട ചുമതല നഗരസഭ അധികൃതർക്കാണ്. ട്രാഫിക് ഐലന്‍ഡുകൾ പുതിയതു സ്ഥാപിക്കാനോ അറ്റകുറ്റപണികൾ നടത്തുവാനോ അധികൃതർ തയാറായിട്ടില്ല. വേനൽ കടുത്തതോടെ കടുത്ത ചൂട് സഹിച്ചാണ് ട്രാഫിക് പോലീസ് ജോലി ചെയ്യുന്നത്. ട്രാഫിക് ഐലന്‍ഡിനുള്ളിൽ നിൽക്കുന്നതും പുറത്തു നിൽക്കുന്നതും ഒരുപോലെയാണ്. ചൂടും പൊടിയും സഹിച്ച് റോഡിലിറങ്ങി നിന്നാണ് പലപ്പോഴും പോലീസുകാർ ജോലി ചെയ്യുന്നത്.
മുൻ കാലങ്ങളിൽ വേനൽക്കാലത്ത് ട്രാഫിക് പോലീസിനു ഡ്യൂട്ടി സമയം കുറച്ചിരുന്നു. കൂടാതെ കുപ്പിവെള്ളം നൽകുകയും ചെയ്തിരുന്നു. കടുത്ത വെയിൽ കൊണ്ടും മഴനനഞ്ഞും ജോലി ചെയ്യേണ്ട അവസ്ഥ ഒഴിവാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ നിർദേശമുള്ളപ്പോഴാണ് കോട്ടയം നഗരത്തിലെ ട്രാഫിക് പോലീസുകാർക്ക് മഴയും വെയിലുംഏറ്റ് ജോലി ചെയ്യേണ്ട അവസ്ഥ.