സി.സി.സോമൻ
കോട്ടയം: വാഹനാപകട കേസുകൾ കൈകാര്യം ചെയ്യുന്നത് ട്രാഫിക് പോലീസ് സ്റ്റേഷനുകളിൽ നിന്ന് ലോക്കൽ പോലീസിന് കൈമാറി. ഇതു സംബന്ധിച്ച സർക്കുലർ ഡിജിപി പുറപ്പെടുവിച്ചു. ട്രാഫിക് സ്റ്റേഷനുകൾ ഇനി ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റ് എന്നറിയപ്പെടും.
സെപ്റ്റംബർ ഒന്നിന് പുതിയ നിർദേശം പ്രാബല്യത്തിലാകും. അതുവരെ ട്രാഫിക് സ്റ്റേഷനുകൾ രജിസ്റ്റർ ചെയ്ത കേസുകളിൽ അവർക്ക് കുറ്റപത്രം നല്കാം. യാതൊരു തരത്തിലുമുള്ള കേസും രജിസ്റ്റർ ചെയ്യാൻ ഇനി ട്രാഫിക് പോലീസിന് അധികാരമില്ല. എന്നാൽ പെറ്റിക്കേസുകൾ പിടിക്കുന്നതിന് വിലക്കില്ല.
ട്രാഫിക് പോലീസ് സ്റ്റേഷനുകളിൽ നിലവിലുള്ള ഉപകരണങ്ങൾ ലോക്കൽ പോലീസിന് കൈമാറണം. വീഡിയോ കാമറ, ഫോട്ടോ കാമറ, ക്രെയിൻ തുടങ്ങിയ സാധനങ്ങൾ ഉടൻ ലോക്കൽ പോലീസിന് കൈമാറണമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു. വലിയ അപകടങ്ങൾ ഉണ്ടായാൽ രക്ഷപ്പെടുത്തൽ സംബന്ധിച്ച് ട്രാഫിക് പോലീസിന് പരിശീലനം നല്കണമെന്നും നിർദേശമുണ്ട്.
ട്രാഫിക് പോലീസിന്റെ പ്രവർത്തന പരിധിയിൽ സ്കൂൾ കുട്ടികൾ, സ്ത്രീകൾ, മുതിർന്ന പൗരൻ എന്നിവർക്ക് പ്രത്യേക പരിഗണന നല്കണമെന്ന നിർദേശം ഉൾപ്പെടുത്തി. ഡ്രൈവർമാർ, വിദ്യാർഥികൾ , പൊതുജനം എന്നിവർക്ക് ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കുന്നതും ട്രാഫിക് പോലീസിന്റെ ഡ്യൂട്ടിയിൽ ഉൾപ്പെടുത്തി. അപകടങ്ങൾ കുറയ്ക്കുന്നതിനും കൂടുതൽ ശ്രദ്ധ ചെലുത്തുന്നതിനുമായി തയാറാക്കിയ കേരളാ പോലീസ് ട്രാഫിക് ആക്സിഡന്റ് റിഡക്ഷൻ പ്ലാൻ അനുസരിച്ചാണ് പുതിയ നിർദേശം.