സ്വന്തം ലേഖകൻ
തൃശൂർ: ഈ അധ്യയന വർഷം മുതൽ സ്കൂളുകളുടെ പരിസരത്ത് ട്രാഫിക് ഡ്യൂട്ടിക്കായി പോലീസുകാരെ നിയോഗിക്കില്ല. പകരം അതാത് സ്കൂളുകാരോടു തന്നെ ഗതാഗതനിയന്ത്രണത്തിനും കുട്ടികളെ വരിവരിയായി റോഡു മുറിച്ചു കടത്തുന്നതിനും വാഹനങ്ങളിൽ കുട്ടികളെ കയറ്റിവിടുന്നതിനുമെല്ലാം ആളെ നിയോഗിക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.
ഇത്തവണ സ്കൂൾ തുറക്കുന്പോൾ ഡ്യൂട്ടിക്ക് പോലീസ് ഉണ്ടാവില്ലെന്ന് സ്കൂൾ അധികൃതരെ പോലീസ് സ്റ്റേഷനുകളിൽ നിന്ന് വിളിച്ചറിയിച്ചിട്ടുണ്ട്. സ്കൂളുകാർ നിയോഗിക്കുന്ന ആളുകൾക്ക് കേരള പോലീസ് അക്കാദമിയിൽ പരിശീലനം നൽകി സജ്ജരാക്കും.പോലീസിൽ ജീവനക്കാരുടെ എണ്ണം കുറവായതിനാലാണ് സ്കൂൾ ഡ്യൂട്ടിക്ക് പോലീസുകാരെ അയക്കേണ്ടെന്ന തീരുമാനമെടുത്തതെന്നാണ് സ്കൂൾ അധികൃതരോട് പോലീസ് സ്റ്റേഷനുകളിൽ നിന്നും പറഞ്ഞിരിക്കുന്നത്.
തൃശൂർ നഗരത്തിൽ ഈസ്റ്റ് സ്റ്റേഷൻ പരിധിയിൽ 19 സ്കൂളുകളാണുള്ളത്. ഇവിടേക്ക് രണ്ടു പോലീസുകാരെ വീതം നിയോഗിച്ചാൽ പോലും 38 പേരെ വേണ്ടിവരും.ഇത് പോലീസിന്റെ ദൈനംദിന കാര്യങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നതിനാൽ എല്ലായിടത്തു നിന്നും പോലീസിന്റെ രാവിലെയും വൈകീട്ടുമുള്ള ഡ്യൂട്ടി വേണ്ടെന്നുവെക്കാൻ തീരുമാനമെടുക്കുകയായിരുന്നു.
അതേസമയം പോലീസ് പട്രോളിംഗ് സ്കൂളുകളുടെ പരിസരത്തു തുടരുമെന്നും ഓരോ പോലീസുദ്യോഗസ്ഥർക്കും ഓരോ സ്കൂളിന്റെ ചുമതല നൽകിയിട്ടുണ്ടെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.കുട്ടികളെ റോഡു മുറിച്ചു കടക്കുന്നതിനും വാഹനങ്ങൾ പാർക്കു ചെയ്യുന്നതിലെ അപാകതകൾ ഒഴിവാക്കാനും സ്കൂൾ ബസുകൾക്കും സ്കൂൾ വാഹനങ്ങൾക്കും സ്കൂളുകൾക്ക് മുന്നിൽ നിന്ന് സുരക്ഷിതമായി വണ്ടിയെടുത്തുപോകാനും മറ്റുമുള്ള സൗകര്യങ്ങൾ ചെയ്തുകൊടുക്കലാണ് പോലീസിനു പകരം ഇനി സ്കൂളുകാർ നിയോഗിക്കുന്ന ട്രാഫിക് സെക്യൂരിറ്റി ജീവനക്കാർ ചെയ്യുക.
ഇവർക്കുള്ള വേതനം അതാത് സ്കൂളുകാർ നൽകണം.രാവിലെ എട്ട് മുതൽ 10 വരേയും വൈകിട്ട് മൂന്ന് മുതൽ അഞ്ച് വരേയും ബസ് സ്റ്റാൻഡുകൾ, പ്രധാന ബസ് സ്റ്റോപ്പുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ കേന്ദ്രീകരിച്ച് പട്രോളിങ് നടത്താൻ പോലീസ്, മോട്ടോർ വാഹന വകുപ്പിലെ എൻഫോഴ്സ്മെന്റ് വിഭാഗത്തിനും കഴിഞ്ഞ ദിവസം ചേർന്നസ്റ്റുഡൻസ് ട്രാവലിങ് ഫെസിലിറ്റി യോഗം നിർദ്ദേശം നൽകിയിരുന്നു.
ട്രാഫിക് പോലീസിന്റെ മേൽനോട്ടത്തിലായിരിക്കും സ്കൂളുകാർ നിയോഗിക്കുന്ന സുരക്ഷാജീവനക്കാർ ട്രാഫിക് നിയന്ത്രിക്കാനും കുട്ടികളെ കടത്തിവിടാനും സ്കൂൾ വാഹനങ്ങൾക്ക് വഴിയൊരുക്കാനും റോഡിലുണ്ടാവുകയെന്ന് പറയുന്നുണ്ട്.പല സ്കൂളുകളും സുരക്ഷജീവനക്കാരെ ട്രാഫിക് ഡ്യൂട്ടിക്കുകിട്ടാനായി സ്കൂൾ തുറക്കും മുൻപ് നെട്ടോടമോടുകയാണ്.
പലയിടത്തും ഉയർന്ന ശന്പളമാണ് ട്രാഫിക് ഡ്യൂട്ടിക്കായി ആളുകൾ ആവശ്യപ്പെടുന്നതെന്ന് സ്കൂൾ അധികൃതർ പറയുന്നു. പോലീസിന്റെ സാന്നിധ്യം സ്കൂൾ പരിസരത്ത് ഇല്ലാതാകുന്നതോടെ സാമൂഹ്യവിരുദ്ധരുടെയും മയക്കുമരുന്ന് മാഫിയയുടെയും പ്രശ്നങ്ങളുണ്ടാകുമെന്ന ആശങ്കയും സ്കൂൾ അധികൃതർക്കുണ്ട്. എന്നാൽ സ്കൂളുകളുടെ പരിസരത്ത് പോലീസ് പട്രോളിംഗുണ്ടാകുമെന്നും ആശങ്ക ആവശ്യമില്ലെന്നുമാണ് പോലീസിന്റെ മറുപടി.