കോട്ടയം: മരുഭൂമി എന്നു പറഞ്ഞാൽ പറ്റില്ല, ചൂളയിലാണ് ജീവിതം. കോട്ടയത്തെ പകൽച്ചൂടിനെ ട്രാഫിക് പോലീസ് വിശേഷിപ്പിക്കുന്നത് ഇങ്ങനെ.
ഇറുകിയ ഷർട്ടും ബെൽറ്റിൽ മുറുക്കിയ പാന്റ്സും തൊപ്പിയും പരുക്കൻ ഷൂവും ധരിച്ച് പകൽച്ചൂടിൽ പൊള്ളി വിയർക്കുന്ന ചൂട് സഹിക്കാനാവാതെ ട്രാഫിക് പോലീസ് യൂണിഫോം അഴിച്ചുവയ്ക്കാൻ അനുവാദം ചോദിച്ചിരിക്കുന്നു.
ഇതേത്തുടർന്ന് ട്രാഫിക് ഡ്യൂട്ടിക്കാർക്ക് കോട്ടണ്‍ ടീ ഷർട്ടും അയഞ്ഞ പാന്റ്സും ധരിക്കാൻ അനുവാദം ചോദിച്ച് ജില്ലാ പോലീസ് ചീഫ് മേൽത്തട്ടിലേക്ക് കത്തയച്ചിരിക്കുന്നു.
തൊപ്പി ചൂടാകുന്പോൾ ആ ചൂട് തലയിലൂടെ പൊള്ളിയും വിയർത്തും തലയിൽ താഴ്ന്ന് പനിയും തുമ്മലുമായി മാറുന്നതിനാൽ തൽക്കാലം ട്രാഫിക്കിൽ പോലീസിനെ കാക്കിയിൽനിന്നു മോചിപ്പിക്കണമെന്നാണ് അഭ്യർഥന.
അയവുള്ള കോട്ടണ്‍ തൊപ്പി പകരം നൽകണമെന്നാണ് പോലീസ് താൽപര്യപ്പെടുന്നത്. തൊഴിലാളികളെ പകൽ പണിയിപ്പിക്കരുതെന്നും ജനം പുറത്തിറങ്ങരുതെന്നും സർക്കാർ നിർദേശമുണ്ടായിരിക്കെ ഇളവുകളൊന്നും ട്രാഫിക് പോലീസിന് ബാധകമല്ല.
തീക്കട്ടപോലെ ചുട്ടുപഴുത്ത ടാറിംഗിൽ ചവിട്ടി തീ തുപ്പുന്ന സൂര്യനു കീഴിൽ വെന്തുനീറുന്ന ട്രാഫിക് ഡ്യൂട്ടിക്കാർ ഈ മാസങ്ങളിൽ അനുഭവിക്കുന്ന പീഢ അധികമാരുടെയും ശ്രദ്ധയിൽപ്പെടുന്നില്ല. ആവോളം വെള്ളം കൊടുക്കാനും കുടിക്കാനുമുള്ള സംവിധാനവും ഇവർക്കില്ല.
കോട്ടയത്തെ സ്വകാര്യ റബർ കന്പനി കോട്ടയം ടൗണിലെ ട്രാഫിക് പോലീസിന് ദിവസം 90 കുപ്പി കുടിവെള്ളം മൂന്നു വർഷമായി സൗജന്യമായി നൽകുന്നുണ്ട്. കോട്ടയം നഗരത്തിൽമാത്രം 20 ഇടങ്ങളിലായി നാല് വനിതാ കോണ്‍സ്റ്റബിൾമാർ ഉൾപ്പെടെ 64 പോലീസുകാരും 12 ഹോം ഗാർഡുകളും ട്രാഫിക്കിലുണ്ട്.
ജില്ലയൊട്ടൊകെ 250 പേർ ട്രാഫിക്ക് നിയന്ത്രിക്കുന്നു. രാവിലെ എട്ടു മുതൽ രാത്രി എട്ടുവരെ പല ഷിഫ്റ്റുകളിലാണ് ജോലി. ദിവസം ആറു മണിക്കൂറാണ് ഒരാൾക്ക് ഡ്യൂട്ടി.
താപനില കനത്തതിനാൽ മൂന്നു മണിക്കൂർ ഡ്യൂട്ടിക്കുശേഷം മൂന്നു മണിക്കൂർ വിശ്രമത്തിനു പോകാം. തുടർന്ന് മൂന്നു മണിക്കൂർ ജോലി. യൂണിഫോം ചൂടിൽ വിയർത്തൊഴുകുന്ന സാഹചര്യത്തിൽ ദിവസവും ഒരു ജോഡി യൂണിഫോം അധികം കരുതി വരുന്നവരാണ് ട്രാഫിക് ഡ്യൂട്ടിക്കാർ ഏറെയും.