കോട്ടയം: പകല്ചൂട് 36 ഡിഗ്രിയിലേക്കു കടക്കുന്നു, വാഹനങ്ങളില് വരുന്നവര് പുറത്തേക്കു തലയിടാന് പോലും മടിക്കുന്ന കൊടുംചൂട്, കാല്നടക്കാര് എത്രയും വേഗം തണല് പിടിക്കാന് ആഞ്ഞുനടക്കുന്നു, തെരുവിലൂടെ കൂട്ടംകൂടി അലഞ്ഞിരുന്ന നായക്കൂട്ടങ്ങള് പോലും പകല് ചൂടു സഹിക്കാനാവാതെ എവിടെയോ പോയി മറഞ്ഞിരിക്കുന്നു… എന്നാല്, തലയ്ക്കു മുകളില് വെയിലിന്റെ തീയും കാല്ച്ചുവട്ടില് ടാര് പഴുത്ത തീച്ചൂളയും ആളുന്പോഴും അതൊന്നും മൈന്ഡ് ചെയ്യാതെ കോട്ടയം നഗരത്തില് ഒരാള് തന്റെ ജോലിത്തിരക്കിലാണ്.
ചുട്ടുപഴുത്ത ടാര് റോഡില് കരിംവെയില് തിളയ്ക്കുന്പോഴും വാഹനങ്ങളുടെ ചൂടും പുകയും ഉയരുന്പോഴും വാഹനങ്ങള് നിയന്ത്രിക്കുന്നതിന്റെയും കടത്തിവിടുന്നതിന്റെയും തിരക്കിലായിരിക്കും ഈ പോലീസ് ഓഫീസര്. ഇതു പ്രിന്സ് തോമസ്, കോട്ടയം നഗരത്തിലെ തിരക്കേറിയ പുളിമൂട് ജംഗ്ഷനിലൂടെ കടന്നുപോകുന്നവര് ഒരു നിമിഷം ഈ പോലീസ് ഉദ്യോഗസ്ഥനെ നോക്കാതെ പോവില്ല, കത്തിക്കാളുന്ന വെയിലിലും അത്രയ്ക്ക് ആത്മാര്ഥതയോടെയാണു ഗ്രേഡ് എഎസ്ഐ ആയ പ്രിന്സിന്റെ ട്രാഫിക് ഡ്യൂട്ടി.
പകലത്തെ കൊടുംചൂടില്, ഡ്യൂട്ടിയില് വിട്ടുവീഴ്ച ചെയ്യാത്തവര് പോലും ചിലപ്പോള് ചുറ്റും തണല് തിരഞ്ഞേക്കാം, അവിടെയാണ് പ്രിന്സ് വ്യത്യസ്തനാകുന്നത്. ഏതു പ്രതിസന്ധിയിലും തന്റെ ജോലിയില് അല്പം പോലും വിട്ടുവീഴ്ചയില്ലാത്തതാണു പ്രിന്സിനെ റോഡില് ശരിക്കും പ്രിന്സ് ആക്കി മാറ്റുന്നത്. പ്രിന്സിന്റെ ആത്മാര്ഥമായ ജോലി കണ്ടു ചിലരൊക്കെ ചിത്രം പകര്ത്തി സോഷ്യല് മീഡിയയിലും ഇട്ടിരുന്നു.ജോലിയിലെ മികവിന്റെ അടിസ്ഥാനത്തില് കഴിഞ്ഞ മാസം ജില്ലാ പോലീസ് ചീഫ് പ്രത്യേക അവാര്ഡ് നല്കി പ്രിന്സിനെ ആദരിച്ചിരുന്നു. പോലീസ് ഡിപ്പാര്ട്ട്മെന്റില്നിന്നു നല്കി വരുന്ന കുപ്പിവെള്ളമാണ് ഡ്യൂട്ടിക്കിടയില് പ്രിന്സ് ഉള്പ്പെടെയുള്ള ഉദ്യോഗസ്ഥരുടെ ആശ്വാസം. ചൂടു കുറയ്ക്കാന് രണ്ടു നേരമുള്ള കുളിയും നിര്ബന്ധം.
കനത്ത വെയില് ശരീരം പൊള്ളിക്കുമെന്ന് അറിയാമെങ്കിലും ട്രാഫിക് ഡ്യൂട്ടിയില് വിട്ടുവീഴ്ചയ്ക്കു പ്രിന്സിനെ കിട്ടില്ല. കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനില് ജോലി ചെയ്തിരുന്ന പ്രിന്സ് കഴിഞ്ഞ നാലു വര്ഷമായി ട്രാഫിക് ഡ്യൂട്ടിയിലാണ്. ആര്പ്പൂക്കര വില്ലൂന്നി മാതാ കവലയിലാണു താമസം. ഭാര്യ സോളി ജില്ലാ ആശുപത്രിയിലെ സ്റ്റാഫ് നഴ്സാണ്. അലന്, ഐറിന് എന്നിവര് മക്കളാണ്.