ചെന്നൈ: ചെന്നൈയിലെ സാമൂഹ്യ പ്രവർത്തകൻ കെ.ആർ. രാമസ്വാമി എന്ന ട്രാഫിക് രാമസ്വാമി(87) അന്തരിച്ചു.
വാർധക്യസഹജമായ അസുഖത്തെ തുടർന്ന് കുറച്ച് ദിവസങ്ങൾക്ക് മുന്പ് ചെന്നൈയിലെ രാജീവ് ഗാന്ധി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവൻ നിലനിർത്തിയ അദ്ദേഹം ഹൃദയസ്തംഭനത്തെ തുടർന്നാണ് അന്തരിച്ചത്.
ചെന്നൈയിലെ ഫുട്പാത്ത് കയ്യേറ്റങ്ങൾ, അനധികൃത റോഡ് വീതികൂട്ടൽ, ട്രാഫിക് നിയമലംഘനങ്ങൾ എന്നിവയ്ക്കെതിരെ മദ്രാസ് ഹൈക്കോടതിയിൽ നിരന്തരം പൊതുതാൽപര്യ വ്യവഹാരങ്ങൾ ഫയൽ ചെയ്തിരുന്നു.
ഇത് ഇദ്ദേഹത്തിന് ഏറെ ശത്രുക്കളേയും സമ്മാനിച്ചിരുന്നു. തമിഴ്നാട് ഹോം ഗാർഡിന്റെ സ്ഥാപക അംഗം കൂടിയായിരുന്നു രാമസ്വാമി.
1934 ഏപ്രിൽ 1 ന് ജനിച്ച രാമസ്വാമി, ചെന്നൈയിലെ തിരക്കേറിയ പാരിസ് കോർണറിലും പരിസരത്തും ഗതാഗതം നിയന്ത്രിക്കാൻ തുടങ്ങിയതിന് ശേഷമാണ് ട്രാഫിക് രാമസ്വാമി എന്ന പേര് നേടിയത്.
രാമസ്വാമി ചെന്നൈ റോഡുകളിൽ ഒരു പതിവ് കാഴ്ചയായിരുന്നു, അവിടെ രാഷ്ട്രീയക്കാരും ബിസിനസുകാരും സാധാരണക്കാരും സ്ഥാപിച്ച വലിയ ഫ്ളക്സ് ബോർഡുകളും ഹോർഡിംഗുകളും വലിച്ചുകീറുന്നത് കാണാം.
2015 ഫെബ്രുവരിയിൽ അന്നത്തെ എഐഎഡിഎംകെ മേധാവി ജയലളിതയുടെ പോസ്റ്ററുകൾ വലിച്ചുകീറുന്നതിനിടയിൽ ഗതാഗതം തടഞ്ഞതിനും ഒരു ബിസിനസുകാരനെ ഭീഷണിപ്പെടുത്തിയതിനും രാമസ്വാമി നാല് ദിവസം പോലീസ് കസ്റ്റഡിയിൽ കഴിഞ്ഞിട്ടുണ്ട്.
ആ വർഷം അവസാനം ആർ കെ നഗർ ഉപതിരഞ്ഞെടുപ്പിൽ ജയലളിതയ്ക്കെതിരെ മത്സരിച്ചു. 4,590 വോട്ടുകൾ മാത്രമാണ് അദ്ദേഹം നേടിയത്.