കോഴിക്കോട് : നിയമപാലകര്‍ ഗതാഗത നിയമം ലംഘിച്ചാല്‍ ഇരട്ടി പിഴ. പോലീസുകാരുള്പ്പെടെയുള്ളവര്ക്ക് ഇത് ബാധകമാണെന്നും പോലീസ് മുന്നറിയിപ്പ് നല്കി. ഗതാഗത നിയമലംഘനങ്ങള്‍ക്ക് കനത്ത പിഴയുമായി പുതിയ മോട്ടോര്‍വാഹന ഭേദമതി നിയമം സംസ്ഥാനത്ത് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടുള്ള പോലീസിന്റെ അറിയിപ്പിലാണ് നിയമപാലകരുടെ നിയമലംഘനങ്ങള്‍ക്ക് ഇരട്ടി പിഴ നല്‍കേണ്ടി വരുമെന്ന് വ്യക്തമാക്കിയത്.
‘ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് ഇനി വലിയ വില കൊടുക്കേണ്ടി വരും’ എന്ന പോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റിലെ കമന്റിലാണ് ഇക്കാര്യം പരസ്യപ്പെടുത്തിയത്. മാധ്യമപ്രവര്‍ത്തകനെ വണ്ടിയിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയും ഐഎഎസുകാരനുമായ ശ്രീറാം വെങ്കിട്ടരാമനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കൊന്നും മറുപടി പറയാതിരുന്ന പോലീസ് മറ്റൊരു ചോദ്യത്തിനാണ് നിയമപാലകരുടെ നിയമലംഘനത്തിന് ഇരട്ടിപിഴ നല്‍കേണ്ടി വരുമെന്ന് അറിയിച്ചത്.
പോലീസിനെ വിമര്‍ശിച്ചും അനുകൂലിച്ചും നിരവധി കമന്റുകളാണ് ഫേസ്ബുക്കില്‍ നിറയുന്നത്. ഇന്‍ഷ്വറന്‍സ് പുതുക്കിയില്ലെങ്കില്‍ വാഹനം കസ്റ്റഡിയില്‍ എടുക്കാന്‍ അധികാരമുണ്ടെന്നും ഒരു കമന്റിന് മറുപടിയായി പോലീസ് അറിയിച്ചു.
പോലീസ് കൈകാണിച്ചിട്ടും വാഹനം നിര്‍ത്തിയില്ലെങ്കില്‍ 500 രൂപ മുതല്‍ 2000 രൂപ വരെ പിഴ ഈടാക്കും. ട്രാഫിക് കുറ്റകൃത്യങ്ങള്‍ക്ക് ഉയര്‍ന്ന പിഴ ഈടാക്കാനും പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ ഉണ്ടാക്കുന്ന വാഹനാപകടങ്ങള്‍ക്ക് രക്ഷകര്‍ത്താക്കള്‍ക്ക് ജയില്‍ ശിക്ഷ ഉള്‍പ്പെടെയുള്ള ഭേദഗതികളോടെയാണ് നിയമം നടപ്പാക്കുന്നത്.