തളിപ്പറമ്പ്: നിയമം ലംഘിച്ചു പോകുന്ന വാഹനയാത്രികരുടെ കണ്ണുകള്‍ തളിപ്പറമ്പ് നഗരത്തിലെത്തുമ്പോള്‍ തെരയുന്നത് ഒരാളെ മാത്രമാണ്. തങ്ങള്‍ പോകുന്ന വഴിയില്‍ കെ.ടി.വി.സത്യനാരായണന് എന്ന ഹോംഗാര്‍ഡ് ഉണ്ടോയെന്ന്. ഉണ്ടെങ്കിൽ പിന്നെ ആശ്വാസത്തോടെ വണ്ടിയോടിക്കാം.
കാരണം ട്രഫിക് ബ്ലാേക്കുകൾ പിന്നെ ഉണ്ടാകില്ലെന്ന് നിശ്ചയം. തളിപ്പറമ്പ് നഗരത്തില്‍ കഴിഞ്ഞ എട്ട് വര്‍ഷത്തിലധികമായി ട്രാഫിക് ഡ്യൂട്ടി നോക്കുന്ന പയ്യന്നൂര്‍ അന്നൂര്‍ സ്വദേശിയായ സത്യനാരായണന് വാഹനം നിയന്ത്രിക്കുന്നതിലും ഗതാഗതകുരുക്ക് പരിഹരിക്കുന്നതിലും തളിപ്പറമ്പുകാരുടെ “മാധവേട്ട’നാണ്.
കോര്‍സ് ഓഫ് മിലിട്ടറി പോലീസില്‍ നിന്നും 2006 ല്‍ വിരമിച്ച ഇദ്ദേഹം പട്ടാളത്തില്‍ ട്രാഫിക് ജോലി നോക്കിയതിന്റെ അനുഭവ സമ്പത്തുമായാണ് ഹോംഗാര്‍ഡില്‍ തന്റെ കര്‍ത്തവ്യം നിര്‍വഹിക്കുന്നത്. ശാസ്ത്രീയമായ ട്രാഫിക് ബോധവത്കരണമില്ലാത്തതാണ് അലക്ഷ്യമായ പാര്‍ക്കിംഗിനും വാഹന ഓട്ടത്തിനും വഴിവയ്ക്കുന്നതെന്ന് സത്യനാരായണന് പറയുന്നു.
പലപ്പോഴും കര്‍ശനമായ നിലപാട് സ്വീകരിക്കുന്നതിനാല്‍ കൈയേറ്റത്തിനു കൂടി വിധേയനാകേണ്ടി വന്നിട്ടുണ്ടെങ്കിലും ഡ്യൂട്ടിയുടെ കാര്യത്തില്‍ അണുവിട വ്യതിചലിക്കാന്‍ ഇല്ലെന്ന് ഇദ്ദേഹം ഉറപ്പിച്ചു പറയുന്നു. ഹോംഗാര്‍ഡുമാരുടെ സംഘടനയുടെ ജില്ലാ പ്രസിഡന്റ് കൂടിയാണ് സത്യനാരായണന്.