ബൈക്കില്‍ നിന്ന് കോണ്‍സ്റ്റബിളിനെ അടിച്ചു വീഴ്ത്തി, വായില്‍ മദ്യമൊഴിച്ച് ട്രാഫിക് എസ്.ഐ! ലക്ഷ്യം തനിക്കെതിരെ പരാതി പറഞ്ഞ കോണ്‍സ്റ്റബിളിനെ കള്ളക്കേസില്‍ കുടുക്കല്‍; സംഭവം പുറത്തുകൊണ്ടുവന്നത് സിസിടിവി ദൃശ്യങ്ങള്‍

ഓടിക്കൊണ്ടിരുന്ന ബൈക്കില്‍ നിന്ന് കോണ്‍സ്റ്റബിളിനെ പിടിച്ചു നിര്‍ത്തി, മര്‍ദിച്ച്, വായില്‍ മദ്യമൊഴിച്ച സംഭവത്തില്‍ ട്രാഫിക് എസ്‌ഐയ്‌ക്കെതിരെ അന്വേഷണം. ചെന്നൈയിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം ഉണ്ടായിരിക്കുന്നത്.

തെനാംപേട്ട് ട്രാഫിക് എസ്.ഐയാണ് ഓടിക്കൊണ്ടിരുന്ന ബൈക്കില്‍ നിന്നും കോണ്‍സ്റ്റബിളിനെ തള്ളിവീഴ്ത്തിയത്. സംഭവത്തില്‍ ചെന്നൈ പോലീസ് കമ്മീഷണറോട് അന്വേഷണം നടത്താന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്.

നാലാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ മാസം ആറിന് ധര്‍മ്മന്റെ അമ്മ മരിച്ചിരുന്നു. മരണാനന്തര ചടങ്ങുകള്‍ക്കായി ധര്‍മ്മന്‍ ഒരാഴ്ച അവധി എടുക്കുകയും ചെയ്തു. അതിന് ശേഷം ധര്‍മ്മന്‍ ജോലിക്ക് ഹാജരായി. നവംബര്‍ 19 ന് അമ്മയുടെ പതിനാറടിയന്തിര ചടങ്ങുകള്‍ക്ക് ധര്‍മ്മന്‍ അവധി ചോദിച്ചു.

എന്നാല്‍ എസ്.ഐ രവിചന്ദ്രന്‍ അവധി നല്‍കാന്‍ തയാറായില്ല. ഇതേത്തുടര്‍ന്ന് അമ്മയുടെ മരണാനന്തര ചടങ്ങുകള്‍ക്ക് പോലും എസ്.ഐ അവധി നിഷേധിക്കുകയാണെന്ന് പോലീസ് വാക്കി ടോക്കിയിലൂടെ ധര്‍മ്മന്‍ പരാതി പറഞ്ഞു. ഇത് ഉന്നത അധികാരികളുടെ ശ്രദ്ധയില്‍പെട്ടതാണ് രവിചന്ദ്രനെ പ്രകോപിപ്പിച്ചത്.

ഇതേത്തുടര്‍ന്നാണ് ബൈക്കില്‍ വരികയായിരുന്ന ധര്‍മ്മനെ രവിചന്ദ്രന്‍ തള്ളിവീഴ്ത്തുകയും പിന്നീട് പോലീസ് ജീപ്പിനടുത്തേക്ക് കൊണ്ടുവന്ന ശേഷം വായില്‍ ബലംപ്രയോഗിച്ച് മദ്യമൊഴിക്കുകയും ചെയ്തത്.

ധര്‍മ്മന്‍ മദ്യലഹരിയില്‍ വാഹനമോടിച്ച് അപകടമുണ്ടാക്കിയെന്ന കേസില്‍ കുടുക്കാനായിരുന്നു രവിചന്ദ്രന്റെ ശ്രമമെന്ന് ആരോപണമുണ്ട്. ഇതിന് പിന്നാലെ ഇതേ കാരണം പറഞ്ഞ് ധര്‍മ്മനെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. എന്നാല്‍ സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ രവിചന്ദ്രനെ റിസര്‍വ് പോലീസിലേക്ക് മാറ്റിയിട്ടുണ്ട്.

Related posts