ആലപ്പുഴ: പണി പൂർത്തിയായി മാസങ്ങൾ കഴിഞ്ഞിട്ടും പ്രവർത്തന രഹിതമായി കിടക്കുകയാണ് ആലപ്പുഴ കോടതി പാലത്തിൽ സ്ഥാപിച്ച സിഗ്നൽ ലൈറ്റുകൾ. ആലപ്പുഴ നഗരത്തിൽ തന്നെ ഏറ്റവും അധികം ഗതാഗതക്കുരുക്ക് ഏറിയ ഭാഗമാണ് കോടതി പാലം.നിലവിൽ രണ്ടു പോലീസ് ഉദ്യോഗസ്ഥരാണ് അവിടുത്തെ ഗതാഗതം നിയന്ത്രിക്കുന്നത്. സിഗ്നൽ ലൈറ്റുകൾ പ്രവർത്തിപ്പിച്ചാൽ ഗതാഗതക്കുരുക്ക് വലിയ ഒരു പരിധി വരെ നിയന്ത്രിക്കാൻ കഴിയുമെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
കെൽട്രോണ്‍ ആണ് ഈ സിഗ്നലുകൾ സ്ഥാപിച്ചിരിക്കുന്നത്. കെൽട്രോണിൻറെയും ആലപ്പുഴ ട്രാഫിക് പോലീസിൻറെയും ഭാഗത്തുനിന്നുള്ള എല്ലാ നടപടികളും പൂർത്തിയായെന്നും, ആലപ്പുഴ മുനിസിപ്പാലിറ്റിയുടെ മാത്രം വീഴ്ച കൊണ്ടാണ് സിംഗ്നലുകൾ പ്രവർത്തന രഹിതമായി കിടക്കുന്നതെന്നു ആലപ്പുഴ ടൗണ്‍ ട്രാഫിക് എസ്ഐ മോഹനദാസ് പറഞ്ഞു.
കെഎസ്ഇബിക്ക് ആദ്യം 4000 രൂപ നൽകി സിഗ്നലുകൾ ചാർജ് ചെയ്യേണ്ടത് മുനിസിപ്പാലിറ്റിയാണ്. നിരവധി തവണ ഈ ആവശ്യം പറഞ്ഞു മുനിസിപ്പാലിറ്റിയിൽ ബന്ധപ്പെട്ടെങ്കിലും തുടർനടപടികളുണ്ടാകുന്നില്ലെന്നാണ് ആക്ഷേപം. മുനിസിപ്പാലിറ്റി ഈ വിഷയത്തിൽ കാട്ടുന്ന താല്പര്യക്കുറവാണ് മാസങ്ങളായി ഈ അവസ്ഥ തുടരാൻ കാരണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിൽ ഈ സിഗ്നലുകളിൽ ചിലതു തകർന്നു കിടക്കുകയാണ്. മുനിസിപ്പാലിറ്റി പണം അടച്ചാൽ തന്നെ, ഇനി കെൽട്രോണ്‍ നവീകരണ പ്രവർത്തനങ്ങൾ നടത്തി പുനഃസ്ഥാപിച്ചാൽ മാത്രമേ ഇവ പ്രവർത്തന സജ്ജമാകു. ദിനംപ്രതി നഗരത്തിൽ ഗതാഗത കുരുക്കേറി വരികയാണ്. ഇത്തരം സാഹചര്യത്തിൽ സിഗ്നൽ സംവിധാനം പോലുള്ളവ ഉപയോഗിക്കാനായില്ലെങ്കിൽ ഗതാഗതം കൂടുതൽ ദുഷ്കരമാകുകയേയുള്ളൂ.