കോട്ടയം: നാഗന്പടത്തെ പുതിയ മേൽപാലത്തിനടുത്ത് ട്രാഫിക് സിഗ്നൽ സംവിധാനം സ്ഥാപിക്കുന്ന ജോലികൾ പൂർത്തിയായി. കെഎസ്ടിപിയുടെ എംസി റോഡ് നവീകരണത്തിന്റെ ഭാഗമായിട്ടാണ് പുതിയ ട്രാഫിക് സിഗ്നൽ സ്ഥാപിച്ചത്. നാഗന്പടം പാലത്തിനും മേൽപാലത്തിനും ഇടയിലുള്ള സ്ഥലത്താണ് സിഗ്നൽ ലൈറ്റ് സ്ഥാപിച്ചിരിക്കുന്നത്.
വലതു വശത്ത് റെയിൽവേ ഗുഡ് ഷെഡിലേക്കും ഇടതുവശത്ത് റെസിഡന്റ് അസോസിയേഷൻ റോഡിൽ നിന്നുള്ള വാഹനങ്ങൾക്ക് പോകുന്നതിനായി രണ്ടു വശങ്ങളിലേക്കും സിഗ്നൽ സംവിധാനമുണ്ട്. ഇവിടെയും ലൈറ്റ് സ്ഥാപിച്ചു.ഡിവൈഡറുകൾ സ്ഥാപിച്ചതിനുശേഷം സിഗ്നൽലൈറ്റ് സ്ഥാപിക്കാനായിരുന്നു കെഎസ്ടിപിയുടെ ആദ്യ തീരുമാനം.
എന്നാൽ എംസി റോഡ് നവീകരണത്തിന്റെ ഭാഗമായി പല ജംഗ്ഷനിലും സ്ഥാപിച്ച ഡിവൈഡറുകൾ അപകടകെണികളായിരിക്കുകയാണ്. സംക്രാന്തിയിൽ ഉൾപ്പെടെ പല സ്ഥലങ്ങളിലേയും ഡിവൈഡറുകൾ പൊളിച്ചു മാറ്റിയിരുന്നു. നാഗന്പടത്ത് ഡിവൈഡറുകൾ തത്കാലം വേണ്ടെന്നാണ് തീരുമാനം. ഡിവൈഡറുകൾക്ക് പകരം റോഡിൽ തെർമോ പ്ലാസ്റ്റിക് ഷെയ്ഡ് ചെയ്യും.
നാലു വശങ്ങളിലേക്കും വാഹനങ്ങൾക്ക് സുഗമമായ രീതിയിൽ പോകാവുന്ന രീതിയിലായിരിക്കും പ്ലാസ്റ്റിക് ഷെയ്ഡ് ചെയ്യുന്നത്. കെൽട്രോണാണ് സിഗ്നൽ ലൈറ്റ് സ്ഥാപിച്ചത്. ഇലക്ട്രിക് കണക്ഷൻ കിട്ടിക്കഴിഞ്ഞാൽ ട്രാഫിക് പോലീസുമായി ചർച്ച നടത്തി സിഗ്നൽ സംവിധാനം പ്രവർത്തിപ്പിക്കാനാണ് അധികൃതരുടെ തീരുമാനം.
പുതിയ മേൽപാലം പൂർത്തിയായതോടെ പാലത്തിൽ ട്രാഫിക് കുരുക്കും നിയന്ത്രണമില്ലാതെ വാഹനങ്ങൾ കടന്നുപോ കുന്നതിനൊപ്പം അപകടങ്ങളും പതിവായിരുന്നു. സിഗ്നൽ സംവിധാനം വരുന്നതോടെ ഗതാഗതക്കുരുക്കും അപകടവും ഒഴിവാകുമെന്നാണ് പ്രതീക്ഷ.