ആലപ്പുഴ: നഗരത്തിൽ ഏറ്റവും കൂടുതൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന ജില്ലാ കോടതി പാലം ജംഗ്ഷനിലെ ഗതാഗത നിയന്ത്രണത്തിന് ട്രാഫിക് സിഗ്നൽ സംവിധാനമൊരുങ്ങുന്നു. ആഴ്ചകൾക്ക് മുന്പ് വൈഎംസിഎ പാലത്തിൽ പ്രവർത്തനമാരംഭിച്ച തരത്തിലുള്ള ട്രാഫിക് സിഗ്നൽ സംവിധാനമാണ് ജില്ലാ കോടതി പാലം ജംഗ്ഷനിലും ഒരുക്കുന്നത്.
ട്രാഫിക് ലൈറ്റുകൾ സ്ഥാപിക്കുന്നതിനുമുന്നോടിയായി ഇന്നലെ പാലത്തിന്റെ ഇരുകരകളിലുമായി എട്ട് ഇരുന്പ് തൂണുകൾ സ്ഥാപിച്ചുകഴിഞ്ഞു. പാലത്തിന്റെ വടക്കേക്കരയിൽ പ്രധാന റോഡിന് ഇരുവശങ്ങളിലുമായി രണ്ട് സിഗ്്നലുകൾ വീതവും പാലത്തിന് തെക്കേക്കരയിൽ വൈഎംസിഎ ബോട്ടുജെട്ടി റോഡിന് വശങ്ങളിലും മുല്ലയ്ക്കലേയ്ക്കുള്ള റോഡിന്റെ വശങ്ങളിലുമാണ് ട്രാഫിക് സിഗ്നൽ ലൈറ്റിനായി ഇരുന്പ് തൂണുകൾ സ്ഥാപിച്ചത് തൂണുകളിൽ ട്രാഫിക് ലൈറ്റുകൾ ഘടിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്.
ദിവസങ്ങൾക്കുള്ളിൽ തന്നെ ജില്ലാ കോടതി പാലത്തിലെ ഗതാഗത നിയന്ത്രണം ട്രാഫിക് പോലീസിന്റെ സ്ഥാനത്തുനിന്നും സിഗ്നൽ ലൈറ്റുകൾ ഏറ്റെടുക്കും. ഓട്ടോമാറ്റിക് സംവിധാനത്തിലുള്ള ട്രാഫിക് സിഗ്നൽ സംവിധാനം വരുന്നതോടെ ജില്ലാ കോടതി പാലത്തിലെ ദൈർഘ്യമേറിയ ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്ന പ്രതിക്ഷയിലാണ് യാത്രക്കാർ.