തൃശൂർ: നിസാര അശ്രദ്ധ മൂലം നിരപരാധികളായ നിരവധി ആളുകളുടെ ജീവൻ നഷ്ടപ്പെടുന്നത് ഇനിയെങ്കിലും ഇല്ലാതാക്കാനുള്ള ഓട്ടോ ഡ്രൈവറായ ജോബി ചുവന്നമണ്ണിന്റെ ചെറിയ ശ്രമത്തിനു സിറ്റി പോലീസ് സഹായത്തിനെത്തിയതോടെ ഷോർട്ട് ഫിലിം വൈറലായി.
സീബ്രാലൈൻ പ്രധാന വിഷയമാക്കി രണ്ടു മിനിറ്റ് ദൈർഘ്യമുള്ള ഷോർട്ട് ഫിലിമിൽ തൃശൂർ വെസ്റ്റ് സർക്കിൾ ഇൻസ്പെക്ടർ സലീഷ് എൻ.ശങ്കരൻ ഓട്ടോ ഡ്രൈവറുടെ കുപ്പായമിട്ടതോടെയാണ് സംഭവം ഉഷാറായത്. പോലീസിൽ ജോലി കിട്ടുന്നതിനു മുന്പ് ഓട്ടോഡ്രൈവറുടെ ജോലിചെയ്തിട്ടുള്ള സിഐ വീണ്ടും പഴയ ജോലിയുടെ ഓർമയ്ക്കായി കുപ്പായമിട്ടതു വേറിട്ട അനുഭവമായി.
റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട വിഷയമായതിനാൽ തൃശൂർ സിറ്റി പോലീസിന്റെ സഹായം ആവശ്യപ്പെട്ടപ്പോൾ കമ്മീഷണർ യതീഷ് ചന്ദ്ര പൂർണ പിന്തുണ നൽകുകയായിരുന്നുവെന്ന് ജോബി പറഞ്ഞു. ആറുമാസംകൊണ്ടാണ് ഫിലിം പൂർത്തിയാക്കിയത്. ഓട്ടോ ഓടിച്ചുകിട്ടിയ തുക ഉപയോഗിച്ചാണ് ഷോർട്ട് ഫിലിം നിർമിച്ചതെന്ന് നിർമാതാവും സംവിധായകനും കൂടിയായ ജോബി വ്യക്തമാക്കി.
കഴിഞ്ഞ പ്രളയകാലത്തു നാവികസേന രക്ഷിച്ച, പൂർണഗർഭിണിയായിരുന്ന സജിതയും, മകനും കുട്ടൻപിള്ള ശിവരാത്രി ഫെയിം കുമാർ സേതു എന്നിവർ ഷോർട്ട് ഫിലിമിൽ അഭിനയിച്ചിട്ടുണ്ട്.കൂടാതെ എൻ.ശങ്കരൻ നജാസ് പ്ലേ സ്കൂളിലെ ആറോളം കുട്ടികളും അഭിനയിച്ചിട്ടുണ്ട്.
സിറ്റി പോലീസ് കമ്മീഷണർ യതീഷ് ചന്ദ്ര സിഡിയുടെ പ്രകാശനം നിർവഹിച്ചു. കേരള പോലീസിന്റെ വിവിധ സൈറ്റുകളിലായി ഷോർട്ട് ഫിലിം കാണുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.