കൃത്യമായി ട്രാഫിക് നിയമങ്ങള്‍ പാലിക്കുക എന്നത് പൊതുവേ ഇന്ത്യക്കാര്‍ക്ക് ബുദ്ധിമുട്ടുള്ള കാര്യമാണ്. ട്രാഫിക് സിഗ്നലുകള്‍ പാലിക്കാത്തതിന് കടുത്ത പിഴ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും വലിയ ഫലമൊന്നുമില്ല എന്നുതന്നെ വേണം പറയാന്‍. ഹെവി ട്രാഫിക് ഉള്ള സ്ഥലങ്ങളില്‍ പലപ്പോഴും നിയമം തെറ്റിക്കുന്നവര്‍ മൂലം നിരവധി പ്രശ്നങ്ങളും സംഘര്‍ഷങ്ങളും അരങ്ങേറാറുമുണ്ട്.
സമാനമായ രീതിയില്‍ ട്രാഫിക് നിയമം തെറ്റിച്ച ഒരു ഇരുചക്രവാഹനയാത്രക്കാരന് ഒരു കാല്നടയാത്രക്കാരന് നല്കിയ പണിയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്. സ്റ്റോപ്പ് സിഗ്നല്‍ കാണിച്ചപ്പോള്‍ ഇരുചക്രവാഹനയാത്രക്കാരന് വണ്ടി നിര്‍ത്താതെ കുറച്ചുദൂരം മുന്നോട്ടുപോയി സീബ്രാലൈനില്‍ വണ്ടി നിര്‍ത്തി. ഈയവസരത്തിലാണ് റോഡ് മുറിച്ചു കടക്കാനായി കാല്നടയാത്രക്കാരന് എത്തിയത്.
അയാളാകട്ടെ, കൂളായി വന്ന് സ്കൂട്ടറിന്റെ മുകളിലൂടെ നടന്നു കയറി. ഇതില്‍ പ്രകോപിതനാവുന്ന വാഹന ഉടമ കാല്നടക്കാരനോട് ദേഷ്യപ്പെടുന്നതും അയാള്‍ മറുപടിയായി എന്തോ പറയുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. കാല്നടയാത്രക്കാരന് കടന്നുപോയതോടെ വാഹന ഉടമ പതിയെ പുറകോട്ട് നീങ്ങി മറ്റ് യാത്രക്കാരോടൊപ്പം നില്ക്കുന്നതും വീഡിയോയില്‍ ദൃശ്യമാണ്. ഏതായാലും ട്രാഫിക് നിയമങ്ങള്‍ തെറ്റിക്കുന്നവര്‍ക്ക് ഒരു മുന്നറിയിപ്പ് തന്നെയാണ് ഇത് നല്‍കുന്നത്. മുംബൈയിലെ വാസൈ എന്ന സ്ഥലത്താണ് സംഭവം നടന്നിരിക്കുന്നത്.