മാഹി: മാഹി റെയിൽവേ സ്റ്റേഷൻ റോഡിൽ സബ് ജയിലിന് സമീപം അനധികൃതമായി പ്രവർത്തിച്ചു വരുന്ന ആയുർ പഞ്ചകർമ സ്പാ മസാജ് സെന്ററിൽ പെൺവാണിഭം.
ബംഗളൂരു സ്വദേശിനിയായ യുവതി ഉൾപ്പെടെ രണ്ട് പേരെ മാഹി പോലീസ് അറസ്റ്റ് ചെയ്തു. മസാജ് സെന്ററിന്റെ മറവിൽ പെൺവാണിഭം നടക്കുന്നുണ്ടെന്ന രഹസ്യ സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പോലീസ് റെയ്ഡിലാണ് മസാജ് സെന്റർ നടത്തിപ്പുകാരനെയും ബംഗളൂരുവിലെ യുവതിയെയും പോലീസ് പിടികൂടിയത്.
മസാജ് സെന്ററിന്റെ പേരിൽ തുടങ്ങിയ വാട്സാപ്പ് ഗ്രൂപ്പുകളിൽ കൂടിയാണ് യുവതിയുടെ ഫോട്ടോ കാണിച്ച് പണം ഉറപ്പിച്ച് വാണിഭം നടത്തിയത്.
മസാജ് സെന്ററിന് ലൈസൻസോ മറ്റു രേഖകളോ ഉണ്ടായിരുന്നില്ല. മസാജ് സെന്റർ നടത്തിപ്പുകാരനായ കണ്ണൂർ പള്ളിക്കുന്ന് സ്വദേശി ഷാജി (49) യെ മാഹി സിഐ എ. ശേഖറും സംഘവും അറസ്റ്റ് ചെയ്തു. ഷാജിയെ മാഹി കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
മാഹി എസ്.പി രാജശങ്കർ വെള്ളാട്ടിന്റെ നിർദ്ദേശാനുസരണമാണ് മസാജ് സെന്റർ റെയ്ഡ് നടത്തിയത്. എസ്ഐ മാരായ റീന മേരി ഡേവിഡ്, ജയശങ്കർ എന്നിവരുടെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ ക്രൈം സ്ക്വാഡ് അംഗങ്ങളായ എഎസ്ഐമാരായ പ്രസാദ്, സരോഷ്, ഹെഡ് കോൺസ്റ്റബിൾമാരായ പ്രശാന്ത്, സി.വി. ശ്രീജേഷ്, ഡ്രൈവർ പ്രവീൺ എന്നിവർ പങ്കെടുത്തു.കേസിൽ കുടുതൽ പ്രതികൾ ഉൾപ്പെട്ടതായി പോലീസ് അറിയിച്ചു.