ഒറ്റപ്പാലം: സർ, പ്ലീസ്…. ട്രാഫിക് പോലീസിനോടും, ഹോംഗാർഡുമാരോടും ഇത്തിരി കരുണ കാണിക്കണം. ചുട്ടുപഴുത്ത ഭൂമി…..തിളച്ചുതൂവുന്ന ആകാശം. മേടസൂര്യൻ കനലെരിയുന്ന ചൂടിലും ഇവർ വാഹനഗതാഗതം നിയന്ത്രിക്കുകയാണ് കാക്കയ് ക്കിരിക്കാൻപോലും തണലിന്റെ ഇത്തിരിവെട്ടമില്ല.
ടാറിന്റെ പൊള്ളലടരുകൾ ആവിയായി ശരീരത്തിൽ പടരുന്പോഴും കണ്ണിമ തെറ്റാത്ത കണിശതയോടെ ഗതാഗത ജോലികളിൽ ഏർപ്പെട്ടിരിക്കുകയാണ് ട്രാഫിക് പോലീസും മുൻ സൈനികരായ ഹോം ഗാർഡുകളും.
വെന്തുരുകുന്ന വേനൽച്ചൂടിൽ മണിക്കൂറുകളോളം ട്രാഫിക് നിയന്ത്രിക്കുന്ന പോലീസുകാർക്കു ചൂടിൽനിന്നു രക്ഷനേടാൻ യാതൊരു സംവിധാനവും ഇല്ലാത്തത് പരിഷ്കൃത സംവിധാനങ്ങൾക്ക് യോജിച്ചതല്ല.
42 ഡിഗ്രിയിലെത്തിയ വേനൽ ച്ചൂടിൽ വെറുമൊരു തൊപ്പികൊണ്ട് വേനലിനെ പ്രതിരോധിക്കണമെന്ന ദയനീയാവസ്ഥയാണ് മേൽപ്പറഞ്ഞവർക്കുള്ളത്.
കൈ യിലും കഴുത്തിലും കാതിലുമൊക്കെ ഏൽക്കുന്ന ചൂടുകൊണ്ട് നിരവധി ആരോഗ്യ പ്രശ്നങ്ങളുള്ളവർ പോലീസുകാർക്കിടയിലുണ്ട്. ചില സന്ദർഭങ്ങളിൽ സൂര്യാഘാതവും ഏൽക്കുന്നുണ്ട്.
ട്രാഫിക് നിയന്ത്രിക്കുന്നതു ജോലിയുടെ ഭാഗമായിട്ടാണെങ്കിലും, മണിക്കൂറുകളോളം വെയിലേൽക്കുന്നത് അതിക്രൂരമാണെന്നതാണ് യാഥാർത്ഥ്യം. പ്രായംചെന്ന പല പോലീസുകാരും കനത്ത ചൂടിൽ എരിപൊരികൊള്ളുന്ന കാഴ്ച ഹൃദയഭേദകമാണ്.
സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നതിനു പുറമേ, ടാർറോഡ് ചുട്ടുപഴുത്താൽ ഉണ്ടാകുന്ന ചൂടും വാഹനങ്ങളുടെ പുകയിൽ നിന്നുള്ള ചൂടും പൊടി കലർന്ന ചൂടുകാറ്റുമെല്ലാം മാസങ്ങളായി അനുഭവിക്കുന്നവരാണ് ട്രാഫിക് പോലീസുകാർ.
ഇനിയും രണ്ടുമാസമാണ് കഴിഞ്ഞുകിട്ടാനുള്ളത്. കനത്ത വേനലിൽ തൊഴിലാളികൾക്കു സമയക്രമമൊക്കെ ലേബർ വകുപ്പ് നിശ്ചയിച്ച് നൽകിയിട്ടുണ്ടെങ്കിലും, ആ സംരക്ഷണവും ഇവർക്കു ലഭിക്കുന്നില്ല.
ഇത്തരം സാഹചര്യത്തിൽ അതികഠിനമായ വേനൽച്ചൂടിൽനിന്നു ട്രാഫിക് പോലീസുകാർക്കു സംരക്ഷണം നൽകാൻ ഇനിയും അധികാരികളും തയാറാവുന്നില്ല.
കൂളിംഗ് ഗ്ലാസ്, ഓവർകോട്ട്, കുട തുടങ്ങിയ സാമഗ്രികൾ ഇവർക്കു നൽകാവുന്നതാണ്. രാജ്യത്തിന്റെ സുരക്ഷയ്ക്കുവേണ്ടി ഒരു പുരുഷായുസ് മുഴുവൻ പണിയെടുത്തു പെൻഷൻ പറ്റിയ ശേഷവും ജീവിക്കാൻ വഴിയില്ലാതെ ഹോം ഗാർഡുകളായി സേവനമനുഷ്ഠിക്കുന്ന വന്ദ്യവയോധികരായ മുൻ സൈനികർ നടുറോഡിൽ ചുട്ടുപൊള്ളി വാഹനഗതാഗതം നിയന്ത്രിക്കുന്ന നിൽക്കുന്ന കാഴ്ച ഹൃദയഭേദകമാണ്.
കനത്ത ചൂടിൽ ട്രാഫിക് നിയന്ത്രിക്കുന്ന പോലീസുകാർക്ക് സംരക്ഷണം നൽകാൻ അടിയന്തര നടപടികൾ അനിവാര്യമാണ്