തൃശൂർ: ഭാര്യ പിണങ്ങിപ്പോയതിൽ മനംനൊന്ത് ജീവനൊടുക്കാൻ ശ്രമിച്ച യുവാവിനെ രക്ഷിച്ചു.
തൃശൂർ ഒല്ലൂരിലാണ് സംഭവം. തലശേരി സ്വദേശിയും ലോറി ഡ്രൈവറുമായ യുവാവാണ് റെയിൽ പാളത്തിൽ തലവെച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്.
സ്റ്റേഷൻ മാസ്റ്ററുടെയും പോലീസിന്റെയും സമയോചിത ഇടപെടലിലൂടെയാണ് യുവാവിനെ രക്ഷപ്പെടുത്താൻ സാധിച്ചത്.
വെള്ളിയാഴ്ച രാത്രി 11.30 ഓടെയാണ് സംഭവം നടന്നത്. ലോറി ഡ്രൈവറായ യുവാവ് സിമന്റ് ഇറക്കാനായി ഒല്ലൂരിലെത്തിയതായിരുന്നു.
തുടർന്നാണ് ഭാര്യയുമായി പ്രശ്നമുണ്ടായത്. ഇതിൽ മനംനൊന്ത് യുവാവ് മദ്യപിക്കുകയും ഒല്ലൂർ സ്റ്റേഷന് സമീപത്തെ പാളത്തിൽ തലവെച്ച് ജീവനൊടുക്കാൻ ശ്രമിക്കുകയുമായിരുന്നു.
സ്റ്റേഷൻ മാസ്റ്ററാണ് ഇയാൾ പാളത്തിൽ തലവെച്ചു കിടക്കുന്നത് കണ്ടത്. ഉടനെ തന്നെ പോലീസിൽ വിവരം അറിയിച്ചു.
ഉടനെ റെയിൽവേ സ്റ്റേഷനിലെത്തിയ പോലീസ് യുവാവിനെ അനുനയിപ്പിക്കുകയും ആത്മഹത്യശ്രമത്തിൽ നിന്നും പിന്തിരിപ്പിക്കുകയുമായിരുന്നു.