ന്യൂഡൽഹി: പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ട ചാനലുകൾ തെരഞ്ഞെടുക്കാമെന്ന ട്രായ് (ടെലികോം റെഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യ) നിർദേശം ഇന്ന് പ്രാബല്യത്തിൽ. എന്നാൽ, പുതിയ കേബിൾ ടിവി, ഡിടിഎച്ച് നിബന്ധനകൾ പ്രാബല്യത്തിലാകുന്പോൾ ഇഷ്ടപ്പെട്ട ചാനലുകൾ തെരഞ്ഞെടുക്കാൻ ഒരു മാസം സാവകാശം അനുവദിച്ചു. പുതിയ നിബന്ധനകൾ നടപ്പാക്കാൻ രാജ്യത്തെ ചാനൽ വിതരണക്കാരും വരിക്കാരും സജ്ജമാകാത്തതാണ് ജനുവരി 31 വരെ കാലാവധി നീട്ടി നല്കാൻ ട്രായിയെ പ്രേരിപ്പിച്ചത്. തത്കാലത്തേക്ക് തൽസ്ഥിതി തുടരാനാണു ട്രായ് നല്കിയിരിക്കുന്ന നിർദേശം.
എന്തുകൊണ്ട് നീട്ടി
പുതിയ നിയമത്തിലുള്ള അവ്യക്തതയാണ് കാലാവധി നീട്ടാൻ ട്രായിയെ പ്രേരിപ്പിച്ചത്. രാജ്യവ്യാപകമായി ഓപ്പറേറ്റർമാർക്കും ഉപയോക്താക്കൾക്കും ഇതേക്കുറിച്ചു വ്യക്തത വന്നിട്ടില്ല. ഇതുകൂടാതെ ഡിസംബർ 29 മുതൽ കേബിൾ ടിവി ബഹിഷ്കരിക്കും എന്ന ആഹ്വാനത്തോടെ വ്യാപകമായി സന്ദേശങ്ങൾ പ്രചരിച്ചതും തീരുമാനത്തിനു പിന്നിലുണ്ട്.
അതുകൊണ്ടുതന്നെ ഇനിയൊരു നിർദേശം വരുന്നതുവരെ നിലവിലുള്ള പേ ചാനലുകൾ പിൻവലിക്കരുതെന്ന് ട്രായിയുടെ നിർദേശിച്ചു. ഒപ്പം വരിക്കാർ ഇഷ്ടപ്പെട്ട ചാനൽ തെരഞ്ഞെടുത്താലും തത്കാലത്തേക്ക് പേ ചാനലുകൾ ബ്ലാക്കൗട്ട് ചെയ്യാനും പാടില്ല.
പ്രതിഷേധം ശക്തം
പേ ചാനലുകൾ ഉപയോഗിക്കുന്നത് കുറച്ചു കാലത്തേക്കെങ്കിലും ഒഴിവാക്കണമെന്ന ആഹ്വാനം ഫേസ്ബുക്ക്, യുട്യൂബ്, വാട്സ്ആപ് മുതലായ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ ഉയരുന്നുണ്ട്. പ്രേക്ഷകർ പേ ചാനലുകൾ കാണാതിരുന്നാൽ ചാനൽ അധികൃതർ പേ ചാനലുകളെ സൗജന്യ ചാനലുകളാക്കി പ്രേക്ഷകർക്കു മുന്നിലെത്തിക്കുമെന്നാണ് ഇത്തരം സന്ദേശങ്ങൾ പറയുന്നത്.
സ്റ്റാർ ഇന്ത്യ പാക്കേജ്
തിരുവനന്തപുരം: മാസം 39 രൂപയ്ക്കു ഏഷ്യാനെറ്റ്, ഏഷ്യാനെറ്റ് പ്ലസ്, ഏഷ്യാനെറ്റ് മൂവീസ്, സ്റ്റാർ സ്പോർട്സ് ചാനലുകൾ, നാഷണൽ ജോഗ്രഫിക്, നാറ്റ് ജിയോ വൈൽഡ് തുടങ്ങി ഒൻപത് ചാനലുകൾ സ്റ്റാറിന്റെ മലയാളം പാക്കേജിൽ ലഭ്യമാണ്. മലയാളം എച്ച്ഡി വാല്യൂ പാക്കേജുകൾ മാസം 75 രൂപയ്ക്കും 17 ചാനലുകളുടെ മലയാളം എച്ച്ഡി പ്രീമിയം പാക്കേജുകൾ മാസം 110 രൂപയ്ക്കും ലഭ്യമാകുന്നു.