സാഗർ: ട്രെയിൻ യാത്രക്കാരിയായ യുവതിയെ ശല്യപ്പെടുത്തിയെന്ന പരാതിയിൽ മധ്യപ്രദേശിലെ രണ്ട് കോൺഗ്രസ് എംഎൽഎമാർക്കെതിരെ പോലീസ് കേസെടുത്തു.
സത്ന എംഎൽഎ സിദ്ധാർഥ് കുശ്വാഹ, അനുപ്പൂർ എംഎൽഎ സുനീൽ സറഫ് എന്നിവർക്കെതിരയാണ് 32 വയസുകാരിയായ യുവതി പരാതി ഉന്നയിച്ചത്.
വെള്ളിയാഴ്ച രാത്രി രേവയിൽ നിന്ന് ഭോപാലിലേക്ക് സഞ്ചരിക്കുകയായിരുന്ന രേവാഞ്ചൽ എക്സപ്രസ് എച്ച് 1 കോച്ചിലാണ് സംഭവം നടന്നത്.
കത്നി സ്റ്റേഷനിൽ നിന്ന് അർധരാത്രിയോടെ ട്രെയിനിൽ കയറിയ നേതാക്കൾ എട്ട് മാസം പ്രായമുള്ള കുഞ്ഞുമായി യാത്ര ചെയ്യുകയായിരുന്ന യുവതിയുടെ കൈയിൽ കടന്നുപിടിച്ചെന്നും തങ്ങളോടൊപ്പം ഭക്ഷണം കഴിക്കാൻ നിർബന്ധിച്ചെന്നുമാണ് ആരോപണം.
യാത്രക്കാർക്ക് ശല്യമുണ്ടാക്കുന്ന രീതിയിൽ ഇവർ ഉച്ചത്തിൽ സംസാരിച്ചെന്നും പരാതിയുണ്ട്.
യുവതി വിവരമറിയിച്ചതിനെ തുടർന്ന് ഇവരുടെ അഭിഭാഷകനായ ഭർത്താവ് റെയിൽവേ പോലീസിനെ വിവരമറിയിച്ചു.
സാഗർ സ്റ്റേഷനിൽ കാത്തുനിന്ന പോലീസ് സംഘം നേതാക്കൾക്കെതിരെ ഐപിസി 354-ാം വകുപ്പ് പ്രകാരം കേസെടുത്തു.
എന്നാൽ ആരോപണം തെറ്റാണെന്ന് അവകാശപ്പെട്ട നേതാക്കൾ, തങ്ങൾ യുവതിയെ ശല്യപ്പെടുത്തിയിട്ടില്ലെന്നും വിളക്കുകൾ മങ്ങിയ പ്രകാശത്തിൽ പ്രവർത്തിപ്പിച്ചാണ് ഭക്ഷണം കഴിച്ചതെന്നും അറിയിച്ചു.
യുവതിയുടെ കൈയിൽ കടന്നുപിടിച്ചിട്ടില്ലെന്നും ഇവർ പറഞ്ഞു.