1982 ജൂലൈയിൽ ലോസ് ഏഞ്ചൽസിൽ ഷൂട്ടിംഗിനിടെ ഹെലികോപ്ടർ തകർന്ന് ഹോളിവുഡ് നടൻ വിക് മോറോയും ബാലതാരങ്ങളായ റെനി ഷിൻ ചിൻ, മൈകാ ദിൻ ലീ എന്നിവരും മരണത്തിന് കീഴടങ്ങിയത് മറ്റൊരു സംഭവം.
വിയറ്റ്നാം യുദ്ധം ചിത്രീകരിക്കുന്ന രംഗമായിരുന്നു അന്ന് നടന്നത്. ഈ രംഗം ചിത്രീകരിക്കാനായി ഉപയോഗിച്ച സ്ഫോടക വസ്തുക്കളുടെ അവശിഷ്ടങ്ങൾ ഹെലികോപ്ടറിന്റെ ടെയിൽ റോട്ടറിൽ കൊള്ളുകയും ഹെലികോപ്ടർ നദിയിലേക്ക് പതിക്കുകയും ചെയ്തതോടെ വിക് മോറോയും രണ്ട് ബാലതാരങ്ങളും കൊല്ലപ്പെടുകയായിരുന്നു.
ഹെലികോപ്റ്റർ പൈലറ്റ് ഉൾപ്പെടെ സിനിമാ സംഘത്തിലെ നാല് അംഗങ്ങൾക്കെതിരെയും ചിത്രത്തിന്റെ സംവിധായകൻ ജോണ് ലാൻഡീസിനെതിരെയും മരണവുമായി ബന്ധപ്പെട്ട് മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു.
പിന്നീട് ഒരു വർഷവും ഒന്പത് ദിവസവും നീണ്ടുനിന്ന ഒരു വിചാരണയ്ക്ക് ശേഷം അഞ്ചുപേരെയും കുറ്റവിമുക്തരാക്കി.
തീവണ്ടി പാഞ്ഞുവന്നു
2014 ഫെബ്രുവരിയിൽ ജോർജിയയിൽ വച്ചാണ് 27കാരി കാമറ അസിസ്റ്റന്റ് സാറാ ജോൺസ് തീവണ്ടി അപകടത്തിൽ ഷൂട്ടിംഗിനിടയിൽ കൊല്ലപ്പെടുന്നത്.
മിഡ്നൈറ്റ് റൈഡർ എന്ന സിനിമയുടെ സെറ്റിലാണ് അപകടം. സംഗീതജ്ഞനായ ഗ്രെഗ് ആൾമാനെക്കുറിച്ചുള്ള ചിത്രമായിരുന്നു മിഡ്നൈറ്റ് റൈഡർ.
റെയിൽവേ ട്രാക്കിലായിരുന്നു ഷൂട്ടിംഗ്. രണ്ടു ട്രെയിനുകൾ കടന്നുപോയ ശേഷമാണ് ട്രാക്കുകൾക്ക് കുറുകെ കിടക്ക വച്ച് ഒരു രംഗം ചിത്രീകരിക്കാൻ ആവശ്യമായ ഷോട്ട് ഒരുക്കാൻ സാറാ ജോൺസും മറ്റു പ്രവർത്തകരും ശ്രമം നടത്തിയത്. പക്ഷേ അപ്പോഴാണ് അപ്രതീക്ഷിതമായി മൂന്നാമതൊരു ട്രെയിൻ ട്രാക്കിലൂടെ കടന്നുവന്നത്.
രണ്ടു ട്രെയിനുകൾ കടന്നുപോയപ്പോൾ ഇനി ഇതിലെ ഉടനെയൊന്നും മറ്റൊരു ട്രെയിൻ വരാനില്ലായെന്ന് ക്രൂവിലുള്ളവർ പറഞ്ഞതിനെത്തുടർന്നാണ് സാറ ഉൾപ്പെടെയുള്ള സിനിമാ പ്രവർത്തകർ ട്രാക്കിലേക്ക് ഇറങ്ങിയത്.
ആ സമയത്താണ് മറ്റൊരു ട്രെയിനിന്റെ അപ്രതീക്ഷിത കടന്നുവരവ്. ഒഴിഞ്ഞുമാറാനുള്ള സാവകാശം സാറയ്ക്ക് ലഭിച്ചില്ല.
അമിതവേഗത്തിലെത്തിയ ട്രെയിൻ സാറ ജോൺസിനെ ജീവനെടുത്തു. ട്രെയിനിന്റെ ചക്രങ്ങൾക്കിടയിൽപ്പെട്ട് സാറ ചതഞ്ഞരഞ്ഞു.
ഇതോടൊപ്പം അവിടെയുണ്ടായിരുന്ന മറ്റു നിരവധി അണിയറ പ്രവർത്തകർക്കും ട്രെയിൻ ഇടിക്കാതിരിക്കാനുള്ള ശ്രമത്തിനിടയിൽ പരിക്കേൽക്കുകയും ചെയ്തു.
2015ൽ, ചിത്രത്തിന്റെ സംവിധായകൻ റാൻഡൽ മില്ലറിനെതിരേ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു. ഒരു വർഷം അദ്ദേഹം ഈ കേസിൽ ജയിലിൽ കിടക്കുകയും ചെയ്തു.
നിയന്ത്രണം വിട്ട് മോട്ടോർ സൈക്കിൾ
2017 ഒാഗസ്റ്റിൽ വാൻകൂവറിൽ നടന്ന ഷൂട്ടിംഗിനിടെയാണ് സ്റ്റണ്ട് വുമൺ ജോയി ഹാരിസ് കൊല്ലപ്പെടുന്നത്. ഡെഡ്പൂൾ 2 എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് അപകടം നടന്നത്.
ഹാരിസ് ഒരു പ്രഫഷണൽ മോട്ടോർസൈക്കിൾ റോഡ് റേസറായിരുന്നു. ഒരു സ്റ്റണ്ടിനിടെ മോട്ടോർസൈക്കിളിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും ചിത്രീകരണത്തിനിടെ ഒരു കെട്ടിടത്തിന്റെ ജനാലയിൽ ഇടിച്ച് അവൾ മരിക്കുകയും ചെയ്തു.
ഇടതു കൈ അറ്റുപോയി
2015 സെപ്റ്റംബറിൽ ദക്ഷിണാഫ്രിക്കയിൽ റെസിഡന്റ് ഈവിൾ: ദി ഫൈനൽ ചാപ്റ്റർ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നടൻ മില്ല ജോവോവിച്ചിന്റെ സ്റ്റണ്ട് വുമണായ ഒലിവിയ ജാക്സണ് ഗുരുതരമായി പരിക്കേറ്റു.
മോട്ടോർ സൈക്കിൾ ഓടിക്കുന്നതിനിടെ നടന്ന അപകടത്തിൽ മരണത്തിന്റെ വക്കിൽനിന്ന് വളരെ അദ്ഭുതകമരമായിട്ടാണ് ഒലിവിയ രക്ഷപ്പെട്ടത്.
ഈ അപകടത്തിൽ ഇടതുകൈ പകുതിവച്ച് അവൾക്ക് നഷ്ടമാകുകയും ചെയ്തു. ഏറെ നാളത്തെ ചികിത്സയക്കുശേഷമാണ് ഇടതു കൈ നഷ്ടപ്പെട്ട നിലയിൽ ജീവിതത്തിലേക്കു അവർ തിരിച്ചെത്തിയത്.
മിസ് ജാക്സണിന് പരിക്കേറ്റ് രണ്ട് മാസത്തിന് ശേഷം, ഈ ചിത്രത്തിലെ തന്നെ മറ്റൊരു ക്രൂ അംഗമായ റിക്കാർഡോ കൊർണേലിയസ്, കറങ്ങുന്ന പ്ലാറ്റ്ഫോമിൽ നിന്ന് തെന്നിവീണ് ഭിത്തിയിൽ ഇടിച്ചതിനെ തുടർന്ന് മരിച്ചു.
2012 സെപ്റ്റംബറിൽ “ദി ലോണ് റേഞ്ചർ’ എന്ന ചിത്രത്തിന്റെ സെറ്റിലെ ഡ്രൈവറും ക്രൂ അംഗവുമായ മൈക്കൽ ബ്രിഡ്ജർ നിർമാണത്തിനിടെ മുങ്ങിമരിച്ചു.
2007 സെപ്റ്റംബറിൽ ബാറ്റ്മാൻ സീക്വൽ ദ ഡാർക്ക് നൈറ്റ് എന്ന ചിത്രത്തിന്റെ ഒരു സ്റ്റണ്ട് ഷൂട്ട് ചെയ്യുന്നതിനിടയിൽ കോണ്വേ വിക്ക്ലിഫ് എന്ന സ്പെഷ്യൽ എഫക്റ്റ് ടെക്നീഷ്യൻ കൊല്ലപ്പെട്ടു.
ദി വാക്കിംഗ് ഡെഡ് എന്ന ചിത്രത്തിലെ സ്റ്റണ്ട്മാൻ ജോണ് ബെർണേക്കർ 2017 ജൂലൈയിൽ ജോർജിയയിലെ ഒരു ബാൽക്കണിയിൽ വീണു മരിച്ചു. 2009 മുതൽ സജീവ സ്റ്റണ്ട്മാൻ ആയിരുന്നു മിസ്റ്റർ ബെർണേക്കർ.
(തുടരും)
തയാറാക്കിയത് എൻ.എം