ന്യൂഡൽഹി: ട്രെയിനിൽ പുകവലിക്കുന്നവർക്ക് കടുത്ത ശിക്ഷ നൽകാനൊരുങ്ങി ഇന്ത്യൻ റെയിൽവേ. കനത്ത പിഴയോ ജയിൽശിക്ഷയോ നൽകാനാണ് നീക്കം.
മാർച്ച് 13ന് ന്യൂഡൽഹി- ഡെറാഡൂണ്‍ ശതാബ്ദി എക്സ്പ്രസിൽ തീപിടിത്തമുണ്ടായതിന്റെ പശ്ചാത്തലത്തിലാണ് റെയിൽവേയുടെ നടപടിയെന്നു മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞു.
ഉത്തരാഖണ്ഡിലെ റായ്വാലയ്ക്കു സമീപമാണ് അപകടമുണ്ടായത്. അപകടത്തിൽ സി അഞ്ച് കോച്ച് മിക്കവാറും പൂർണമായി കത്തിനശിച്ചിരുന്നു.
ടോയ്ലറ്റിലെ ചവറ്റുകുട്ടയിൽ ഏതോ യാത്രക്കാരൻ ഉപേക്ഷിച്ച സിഗരറ്റിന്റെയോ ബീഡിയുടെയോ കുറ്റിയിൽനിന്നു ടിഷ്യുപേപ്പറിലേക്കു തീ പടർന്നതിനെ തുടർന്നാണ് അപകടമുണ്ടായതെന്നാണു പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്.
ട്രെയിനിൽ പുകവലി കണ്ടെത്തിയാൽ റെയിൽവെ നിയമത്തിന്റെ 167-ാം വകുപ്പ് പ്രകാരം 100 രൂപ വരെയാണ് പിഴ ഈടാക്കിയിരുന്നത്.
ഇതു സംബന്ധിച്ച് കേന്ദ്ര റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ റെയിൽവെ ബോർഡംഗങ്ങളും സോണൽ ജനറൽ മാനേജരുമായി നടത്തിയ യോഗത്തിൽ തീരുമാനമായെന്നും നടപടികൾ ഉടൻ പ്രഖ്യാപിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.