തുറവൂർ: ഓടിക്കൊണ്ടിരുന്ന ട്രെയിനിൽനിന്നും പ്രായപൂർത്തിയാകാത്ത മൂന്നു ആണ്‍കുട്ടികൾ പുറത്തേക്കു ചാടി. തോട്ടിലേക്കു വീണതിനാൽ ആർക്കും പരിക്കില്ല. ഇന്നലെ രാവിലെ 11 ഓടെ തുറവൂർ റെയിൽവേ സ്റ്റേഷനു സമീപമായിരുന്നു സംഭവം. തുറവൂർ സ്റ്റേഷനിലെ ക്രോസിംഗിനുശേഷം നീങ്ങിയ ഗോരഖ്പൂർ എക്സ്പ്രസിൽ നിന്നുമാണ് 16,17 പ്രായമുള്ള ആണ്‍കുട്ടികൾ ചാടിയത്.
ട്രാക്കിനരികിലെ തോട്ടിൽ ബാഗുമായി വീണു കിടന്ന രണ്ടുപേരെ ട്രെയിനിലെ മോഷ്ടാക്കൾ എന്നു കരുതി നാട്ടുകാർ ചേർന്നു പിടികൂടി. നാട്ടുകാരെ കണ്ട് മറ്റൊരാൾ ഓടി രക്ഷപ്പെട്ടു. പിന്നീട് തഴുപ്പ് വടക്കേയറ്റത്തു നിന്നും ആ കുട്ടിയെ യുവാക്കൾ പിടികൂടി. വിവരമറിയച്ചതിനെ തുടർന്ന് കുത്തിയതോട് പോലീസ് സ്ഥലത്തെത്തി മൂവരേയും വിശദമായി ചോദ്യം ചെയ്തു.
ആദ്യം വിവരങ്ങൾ വ്യക്തമാക്കാതിരുന്ന ഇവർ ചോദ്യങ്ങൾക്കൊടുവിൽ തങ്ങൾ കടക്കരപ്പള്ളി സ്വദേശികളാണെന്നും എറണാകുളത്തിനു പോയതാണെന്നും കൈയ്യിൽ പണം ഇല്ലാത്തതിനാൽ ടിക്കറ്റ് എടുത്തില്ലെന്നും ടിടിആറിനെ കണ്ട് ഭയന്നാണ് ട്രെയിനിൽ നിന്നും ചാടിയതെന്നും മൊഴി നൽകി.
വീട്ടുവിലാസം വാങ്ങി ഒരു മണിക്കൂർ നേരം പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ മോഷ്ടാക്കളല്ലന്ന് ബോധ്യപ്പെട്ടു. തുടർന്ന് മൂവർക്കും താക്കീത് നൽകി നാട്ടുകാരുടെ സഹായത്തോടെ ഇവരെ വീടുകളിലേക്ക് ബസ്ചാർജും നൽകി പറഞ്ഞയക്കുകയായിരുന്നു.