കരുനാഗപ്പള്ളി : സ്ത്രീയും കുട്ടികളും ആത്മഹത്യ ചെയ്യാനുള്ള ശ്രമം നാട്ടുകാരുടെ ഇടപെടൽ മൂലം വിഫലമായി. ഇന്നലെ രാവിലെ ഒമ്പതോടെ ചിറ്റുമൂല റെയിൽവേ പാളത്തിലായിരുന്നു സംഭവം. ചക്കുവള്ളി സ്വദേശിനിയായ യുവതി ഇവരുടെ രണ്ട് മക്കളുമായി റെയിൽ പാളത്തിന് സമീപം നിൽക്കുന്നതായി നാട്ടുകാരിൽ ചിലർ കണ്ടു.
സംശയം തോന്നിയ നാട്ടുകാരിൽ ചിലർ യുവതിയോട് കാര്യം അന്വേഷിച്ചപ്പോഴാണ് ആത്മഹത്യ ചെയ്യാൻ എത്തിയതാണെന്ന വിവരം പറഞ്ഞത്. തുടർന്ന് നാട്ടുകാർ മൂവരേയും തടഞ്ഞ് നിർത്തിയ ശേഷം വിവരം കരുനാഗപ്പള്ളി പോലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് എത്തി അമ്മയെയും മക്കളെയും സ്റ്റേഷനിൽ കൊണ്ടുവന്നു.
പോലീസ് വിവരം അറിയിച്ചതിനെ തുടർന്ന് യുവതിയുടെ ഭർത്താവും ബന്ധുക്കളും സ്റ്റേഷനിൽ എത്തി. തുടർന്ന് മൂവരേയും ബന്ധുക്കൾക്കൊപ്പം കൂട്ടി വിടുകയായിരുന്നു. നാട്ടുകാർ സമയോജിതമായി ഇടപ്പെട്ട് മൂവരേയും തടഞ്ഞതിനാൽ ഒരു ദുരന്തമാണ് ഒഴിഞ്ഞുമാറിയത്.