തിരുവനന്തപുരം: സംസ്ഥാനത്ത് ട്രെയിനുകളുടെ വൈകിയോട്ടം ആറു മാസമെങ്കിലും തുടരും. ഇന്നലെ ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ.കെ. കുൽശ്രേസ്തയുടെ നേതൃത്വത്തിൽ വിളിച്ചു ചേർന്ന എംപിമാരുടെ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.
സംസ്ഥാനത്തെ റെയിൽപ്പാതകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കേണ്ടതുണ്ട്. നൂറു കിലോമീറ്റർ ദൂരത്തിലുള്ള റെയിലുകളുടെ അറ്റകുറ്റപ്പണികളാണ് ഇപ്പോൾ നടന്നു വരുന്നത്. സ്ഥിരം യാത്രക്കാരുടെ അസൗകര്യം പരമാവധി കുറയ്ക്കുന്ന തരത്തിലാണ് ഇപ്പോൾ പണികൾ ക്രമീകരിച്ചിരിക്കുന്നത്. അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാൻ കുറഞ്ഞത് ആറു മാസം വേണ്ടിവരുമെന്ന് അദ്ദേഹം എംപിമാരെ അറിയിച്ചു.
സ്ഥലം ഏറ്റെടുത്തു ലഭിക്കുന്നതിലുള്ള കാലതാമസം മൂലമാണ് പാത ഇരട്ടിപ്പിക്കൽ വൈകുന്നത്. കോട്ടയത്തു കുറുപ്പന്തറ മുതൽ ഏറ്റുമാനൂർ വരെയുള്ള ഇരട്ടിപ്പിക്കൽ ഏപ്രിലിൽ പൂർത്തിയാകും. എന്നാൽ ഏറ്റുമാനൂർ- ചിങ്ങവനം ഭാഗത്തെ ഇരട്ടിപ്പിക്കൽ 2020 ഓടെ മാത്രമേ പൂർത്തിയാക്കാൻ സാധിക്കുകയുള്ളു.
കേരളത്തിൽ ഓടുന്ന ട്രെയിനുകളിൽ പഴയ റേക്കുകൾ ഉപയോഗിക്കുന്നത് എംപിമാർ ചൂണ്ടിക്കാട്ടി. വേണാട് എക്സ്പ്രസിന്റെ റേക്കുകൾ രണ്ടാഴ്ചയ്ക്കകം മാറ്റുമെന്നും ജനറൽ മാനേജർ അറിയിച്ചു.
റെയിൽവേയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനായി വിളിച്ചു കൂട്ടിയ യോഗത്തിൽ ജോസ് കെ. മാണി, കെ.സി. വേണുഗോപാൽ, എം.കെ. രാഘവൻ, ആന്റോ ആന്റണി, കൊടിക്കുന്നിൽ സുരേഷ്, പി.വി. അബ്ദുൾ വഹാബ് എന്നീ എംപിമാരാണ് പങ്കെടുത്തത്.