ബെയ്ജിംഗ്: ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കാൻ ശ്രമിക്കുന്ന പെണ്‍കുട്ടിയെ അതിസാഹസികമായി രക്ഷപ്പെടുത്തുന്ന ആളുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ചൈനയിലെ ഫുജിയാൻ പ്രവിശ്യയിലെ പുട്യാൻ സ്റ്റേഷനിൽ ഈ മാസം പത്തിനായിരുന്നു സംഭവം.
റെയിൽവേ സ്റ്റേഷനിലേക്ക് അതിവേഗത്തിൽ പാഞ്ഞുവരുന്ന ട്രെയിനിനു മുന്നിലേക്ക് എടുത്തു ചാടാനായിരുന്നു കോളജ് വിദ്യാർഥിനിയെന്നു തോന്നിപ്പിക്കുന്ന പെണ്‍കുട്ടിയുടെ ശ്രമം. എന്നാൽ ഇതു കണ്ടുനിന്ന ഒരാൾ വേഗത്തിൽ പെണ്‍കുട്ടിയെ പിന്നിലേക്കു വലിച്ചുവീഴ്ത്തി. ഈ സമയത്തിനുള്ളിൽ ട്രെയിൻ സ്റ്റേഷനിലെത്തി നിൽക്കുകയും ചെയ്തു. പെണ്‍കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഇദ്ദേഹത്തിന്റെ തല കോണ്‍ക്രീറ്റ് തറയിൽ ഇടിക്കുന്നുണ്ടെങ്കിലും ഇയാൾ പെണ്‍കുട്ടിയുടെ പിടിവിട്ടില്ല.
പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയ ആൾ റെയിൽവേയിലെ ജീവനക്കാരനാണെന്നാണു സൂചന. രക്ഷാപ്രവർത്തനത്തിനിടെ പരിക്കേറ്റ ഇദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണെന്നാണു റിപ്പോർട്ട്. ഇദ്ദേഹം പെണ്‍കുട്ടിയെ രക്ഷിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ അതിവേഗത്തിൽ പ്രചരിക്കുന്നുണ്ട്.