പാലക്കാട്: മീനാക്ഷിപുരത്തിനു സമീപം ട്രെയിൻ പാളംതെറ്റിയ സംഭവത്തിൽ വൻ ദുരന്തം ഒഴിവായതു തലനാരിഴയ്ക്ക്. ട്രെയിനിൽ നാനൂറിലധികം യാത്രക്കാരുണ്ടായിരുന്നു. ചിലർക്കു മാത്രമാണ് നിസാര പരിക്കേറ്റതെന്നും അധികൃതർ അറിയിച്ചു. വൻമരം കടപുഴകി പാളത്തിലേക്കു വീണതിനെ തുടർന്നാണ് തിരുനെൽവേലി-പൂനെ സ്പെഷൽ ട്രെയിൻ (നന്പർ 01322) പൊള്ളാച്ചി-പാലക്കാട് പാതയിൽ മീനാക്ഷിപുരത്തിനു സമീപം പാളംതെറ്റിയത്.
ആനമല- മീനാക്ഷിപുരം റെയിൽവേ സ്റ്റേഷനുകൾക്കിടെ വാളകൊളന്പ് നാഗൂർ കെസിബി മില്ലിനരികേ ഇന്നലെ രാത്രി പത്തോടെയായിരുന്നുഅപകടം.
മരക്കൊന്പിൽ ഇടിച്ച് ഇരുനൂറുമീറ്ററോളം മുന്നോട്ടു നീങ്ങിയ ട്രെയിന്റെ എൻജിനും തുടർന്നുള്ള ഏഴുകോച്ചുകളും പാളത്തിൽനിന്ന് ഏറെ തെന്നിമാറി. ട്രെയിൻ മറിയാതിരുന്നതിനാൽ വൻദുരന്തം ഒഴിവാകുകയായിരുന്നു. മെഡിക്കൽ സംഘത്തിന്റെ വാഹനവും ക്രെയിൻ ഉൾപ്പെടെയുള്ള ഉപകരണങ്ങളുമുള്ള ബ്രേക്ക് ഡൗണ്‍ സ്പെഷൽ ട്രെയിനും എണ്‍പതോളം ഉദ്യോഗസ്ഥരും ഷൊർണൂരിൽനിന്ന് ഇവിടെയെത്തി യാത്രക്കാർക്കു പ്രഥമ ശുശ്രൂഷ നല്കി. ആംബുലൻസ് അടക്കമുള്ള തയാറെടുപ്പുകളുമായി നാട്ടുകാരും സ്ഥലത്തുണ്ടായിരുന്നു.
പാളംതെറ്റിയ കോച്ചുകൾ നീക്കിയശേഷം പിന്നിലുള്ള പാളം തെറ്റാത്ത ആറു കോച്ചുകളിൽ മറ്റൊരു എൻജിൻ ഘടിപ്പിച്ചു യാത്രക്കാരുമായി ട്രെയിൻ രാത്രി 12.45ന് പുറപ്പെട്ടു. ട്രെയിനിൽ ആകെ 430 യാത്രക്കാർ ഉണ്ടായിരുന്നു. ഇതിൽ മലയാളികൾ കുറവാണെന്നാണു വിവരം. 665 പേരാണ് റിസർവേഷൻ ചെയ്തിരുന്നത്.
ബാക്കിയുള്ളവർ മറ്റു സ്റ്റേഷനുകളിൽനിന്നു കയറാനുള്ളവരാണ്. ഏറെവർഷം പഴക്കമുള്ള മരത്തിന്റെ ശിഖരങ്ങൾ ചില കോച്ചുകളിലേക്കും ട്രെയിനിന്റെ അടിയിലേക്കും കയറിനില്ക്കുന്നുണ്ട്. ഏകദേശം 70 കിലോമീറ്റർ വേഗത്തിലായിരുന്നു ട്രെയിൻ എന്ന് അധികൃതർ പറഞ്ഞു.
മരത്തിൽ ഇടിച്ച എൻജിൻ കേടായതിനാൽ ഇതു നന്നാക്കാനുള്ള ശ്രമം നടന്നുവരികയാണ്. അപകടത്തെതുടർന്ന് റെയിൽവേ പാലക്കാട് ലൈൻ അധികൃതർ ഹെൽപ് ലൈൻ ആരംഭിച്ചു- നന്പർ 0491 2556198.
ബ്രോഡ്ഗേജാക്കി മാറ്റി പുതുക്കിപ്പണിത പാലക്കാട്- പൊള്ളാച്ചി പാതയിലെ ആദ്യ അപകടമാണിത്. അപകടത്തെ തുടർന്ന് ഇന്നത്തെ പാലക്കാട് ടൗണ്‍-തിരുച്ചെന്തൂർ എക്സ്പ്രസ് റദ്ദാക്കി. സംഭവവുമായി ബന്ധപ്പെട്ട് റെയിൽവേ സുരക്ഷാ കമ്മീഷണർ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അട്ടിമറിയല്ലെന്നാണ് പ്രാഥമിക നിഗമനം.