ചങ്ങനാശേരി: കൂടുവിട്ടിറങ്ങിയ പോത്തിൻകൂട്ടത്തെ ട്രെയിനിടിച്ചു. പത്തെണ്ണം ചത്തു. അഞ്ചെണ്ണത്തിന് പരിക്കേറ്റു. ഇന്നു പുലർച്ചെ നാലോടെ ചങ്ങനാശേരി റെയിൽവേസ്റ്റേഷനു സമീപം മോർക്കുളങ്ങര റെയിൽവേക്രോസിനു സമീപമാണ് അപകടം. കോട്ടയത്തുനിന്നു വന്ന അമൃത എക്സ്പ്രസ് ആണ് അപകടത്തിൽപ്പെട്ടത്.
അപകടത്തെത്തുടർന്ന് ട്രെയിൻ ഒന്നര മണിക്കൂർ പിടിച്ചിട്ടു. ചങ്ങനാശേരി-കോട്ടയം റൂട്ടിൽ രണ്ടുമണിക്കൂറിലേറെ ട്രെയിൻഗതാഗതം തടസപ്പെട്ടു. ചെന്നൈ സൂപ്പർ എക്സ്പ്രസ് കോട്ടയത്ത് പിടിച്ചിട്ടു.
വാഴപ്പള്ളി കല്ലുകളം പാപ്പച്ചന് വളർത്തിയിരുന്ന 50 പോത്തുകളിൽ 22 എണ്ണമാണ് ഇന്നു പുലർച്ചെ കൂടുവിട്ട് പുറത്തിറങ്ങിയത്. പുറത്തിറങ്ങിയ പോത്തുകൾ റെയിൽവേ ട്രാക്കിലൂടെ അലയുന്പോഴാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തെത്തുടർന്ന് ട്രെയിനിന്റെ എൻജിനും ബോഗികൾക്കും ഇടയിൽപ്പെട്ടാണ് പോത്തുകൾ ചത്തത്.
ഇടിയെത്തുടർന്ന് ലോക്കോപൈലറ്റ് ട്രെയിൻ നിർത്തി. തുടർന്ന് ചങ്ങനാശേരി, കോട്ടയം റെയിൽവേസ്റ്റേഷനുകളിൽ വിവരമറിയിച്ചു. ചങ്ങനാശേരി പോലീസും ഫയർഫോഴ്സും ഉടൻ സ്ഥലത്തെത്തി. കോട്ടയത്തുനിന്ന് ആർപിഎഫ് എസ്ഐ വർഗീസ് ജയിംസിന്റെ നേതൃത്വത്തിലുള്ള സംഘവും സ്ഥലത്ത് പാഞ്ഞെത്തി.
പോലീസും ഫയർഫോഴ്സും നാട്ടുകാരും യാത്രക്കാരും സമീപവാസിയായ നഗരസഭാ മുൻ കൗൺസിലർ കെ.ആർ.പ്രകാശും ചേർന്നാണ് ട്രെയിനടിയിൽപ്പെട്ട് ഛിന്നഭിന്നമായ പോത്തുകളെ നീക്കിയത്. ട്രെയിനിന്റെ എൻജിന് വേണ്ട പരിശോധനകൾ നടത്തി 5.20-ഓടെയാണ് യാത്ര തുടർന്നത്.