പഞ്ചാബിലെ അമൃത്സറിൽ റെയിൽവേ ട്രാക്കിൽനിന്ന ജനക്കൂട്ടത്തിലേക്ക് ട്രെയിൻ ഇടിച്ചു കയറുന്നതിന്റെ ഭീകരദൃശ്യങ്ങൾ പുറത്ത്. അപകടത്തിൽ 61 പേർ മരിച്ചു. നിരവധി പേർക്കു പരിക്കേറ്റു. ദസറ ആഘോഷത്തിനിടെ ട്രാക്കിൽ കൂടി നിന്ന ആൾക്കൂട്ടത്തിലേക്ക് ട്രെയിനിൻ ഇടിച്ചു കയറുകയായിരുന്നു. അമൃത്സറിലെ ജോദ പതക്കിൽ വെള്ളിയാഴ്ച വൈകുന്നേരം 6.30നായിരുന്നു സംഭവം.
ദസറ ആഘോഷത്തിന്റെ ഭാഗമായി രാവണന്റെ രൂപം റെയിൽവേ ട്രാക്കിനു സമീപത്തുവച്ച് കത്തിക്കുന്പോഴായിരുന്നു അപകടം. രാവണന്റെ രൂപം കത്തിക്കുന്നത് കാണാനാനെത്തിയവരാണ് അപകടത്തിൽപ്പെട്ടവരിലധികവും.
ആഘോഷത്തിന്റെ ഭാഗമായി പടക്കങ്ങൾ പൊട്ടിച്ചതുമൂലം ട്രെയിനുകൾ അടുത്തുവരുന്നതിന്റെ ശബ്ദം കേൾക്കാനായില്ല. പഠാൻകോട്ടിൽനിന്നും അമൃത്സറിലേക്ക് വരികയായിരുന്ന ജലന്ധർ എക്സ്പ്രക്സാണ് അപകടത്തിൽപ്പെട്ട ട്രെയിൻ.
ഗുരുതര പരിക്കുകളോടെ നിരവധി പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. മരിച്ചവരിൽ നിരവധി കുട്ടികളുമുണ്ട്. ഏകദേശം 700 പേർ സംഭവസ്ഥലത്തുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. ദസറ കമ്മിറ്റിയുടെ വീഴ്ചയാണ് ദുരന്തത്തിന് കാരണമായതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ട്രെയിൻ അമിത വേഗത്തിലായിരുന്നുവെന്നും ഇവർ കൂട്ടിച്ചേർത്തു.
അപകടത്തെ കുറിച്ച് സംസ്ഥാന സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ അധികൃതർക്ക് മുഖ്യമന്ത്രി അമരീന്ദർ സിംഗ് നിർദേശം നൽകി. അപകത്തിൽ മരിച്ചവരുടെ കുടുംബത്തിന് സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് സൗജന്യ ചികിത്സ നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.