മുംബൈ: സിസിടിവി കാമറയുടെ സഹായത്തിൽ വൻ ട്രെയിൻ ദുരന്തം ഒഴിവായി. മുംബൈ-പൂന റെയിൽപാതയിലെ ഘാട്ട് സെക്ഷനിലാണു സംഭവം. മണ്‍സൂണ്‍ കാലത്ത് റെയിൽ പാളങ്ങൾ നിരീക്ഷിക്കുന്നതിനു വേണ്ടി സ്ഥാപിച്ച സിസിടിവിയാണ് തുണച്ചത്.
വ്യാഴാഴ്ച രാത്രി എട്ടേകാലോടെ ലോണാവാലയ്ക്കു സമീപം റെയിൽ ട്രാക്കിലേക്ക് ഒരു വലിയ കല്ല് വീണു. ഈ വഴിയിലൂടെയാണ് രണ്ടു മണിക്കൂറിനുള്ളിൽ മുംബൈ-കോലാപ്പുർ സഹ്യാദ്രി എക്സ്പ്രസ് പോകേണ്ടിയിരുന്നത്.
സിസിടിവി പരിശോധിക്കുന്നതിനിടെ ഒരു ജീവനക്കാരന്റെ കണ്ണിൽ കൂറ്റൻ കല്ല് പെടുകയായിരുന്നെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. ഉടൻ തന്നെ ഇതുമായി ബന്ധപ്പെട്ടവരിലേക്കു വിവരം കൈമാറി. ഈ റൂട്ടിലൂടെയുള്ള വൈദ്യുതി ബന്ധവും വിശ്ചേദിച്ചു.
സഹ്യാദ്രി എക്സ്പ്രസ് പുറപ്പെട്ടിരുന്നെങ്കിലും താക്കുർവാഡി സ്റ്റേഷനിലേക്കു തിരിച്ചുകൊണ്ടുപോകാൻ കഴിഞ്ഞു. പിന്നീട് രണ്ടു മണിക്കൂറിനുശേഷമാണ് പാറ നീക്കി ട്രെയിൻ ഗതാഗതം പുനസ്ഥാപിക്കാൻ കഴിഞ്ഞത്.
ട്രെയിനിന്റെ സുരക്ഷയ്ക്കു ഭീഷണിയാകുന്ന വലിപ്പത്തിലുള്ള കല്ലാണു ട്രാക്കിലേക്കു വീണതെന്നു സെൻട്രൽ റെയിൽവേ വക്താവ് സുനിൽ ഉദാസി പറഞ്ഞു.
#WATCH Maharashtra: A boulder fell on the railway tracks near Lonavala, around 8 pm on 13 June. Mumbai-Kolhapur 11023 Sahyadri Express was delayed for around 2 hours due to the boulder. All lines were made operational by 11 pm. (Video source: Central Railway CPRO) pic.twitter.com/Jbq3iOSyRe
— ANI (@ANI) June 13, 2019