പാരീസ്: ഒരു ട്രെയിൻ യാത്രയുടെ ടിക്കറ്റ് ചാർജ് അന്പതു ലക്ഷത്തിലേറെ രൂപ എന്നു കേട്ടാൽ വിശ്വസിക്കുമോ? വിശ്വസിച്ചാലും ഇല്ലെങ്കിലും അങ്ങനെയൊരു ട്രെയിൻ യാത്ര ഉണ്ട്. ലോകത്തിലെ ഏറ്റവും ചെലവേറിയ ആഡംബര തീവണ്ടിയാത്രയായ വെനീസ് സിംപ്ലോൺ-ഓറിയന്റ് -എക്സ്പ്രസിലാണ് (വിഎസ്ഒഇ) ഈ യാത്ര.
പാരീസിൽനിന്നു വെനീസ്, വിയന്ന, പ്രാഗ് എന്നിവിടങ്ങളിലേക്കാണ് ഓറിയന്റ് എക്സ്പ്രസ് സർവീസ് നടത്തുന്നത്. ഇതിൽ ഏറ്റവും ആകർഷകം ആറു ദിവസത്തെ പാരീസ്-ഇസ്താംബുൾ യാത്രയാണ്. ഗ്രാൻഡ് സ്യൂട്ടിൽ, അഞ്ച് രാത്രികൾ ഉൾപ്പെടുന്ന ഇസ്താംബൂൾ-പാരീസ് യാത്രയ്ക്ക് അന്പതു ലക്ഷത്തിലേറെ രൂപ നൽകേണ്ടിവരും. മൂന്നു ലക്ഷത്തിലാണ് മറ്റു ടിക്കറ്റ് നിരക്കുകൾ തുടങ്ങുന്നത്.
1883ൽ ആരംഭിച്ച ഓറിയന്റ് എക്സ്പ്രസ് ആഡംബരയാത്രയുടെ പ്രതീകമാണ്. ജീവിതത്തിലൊരിക്കലും മറക്കാനാകാത്ത യാത്രയാണ് ഓറിയന്റ് എക്സ്പ്രസ് സമ്മാനിക്കുന്നതെന്ന് ഇതിൽ യാത്ര ചെയ്തവർ പറയുന്നു. വൻകിട വ്യവസായികൾ, ചലച്ചിത്ര താരങ്ങൾ, എഴുത്തുകാർ, കായികതാരങ്ങൾ, സെലിബ്രിറ്റികൾ തുടങ്ങിയവർ ട്രെയിനിൽ യാത്ര ചെയ്തിട്ടുണ്ട്.
വിഖ്യാത എഴുത്തുകാരി അഗത ക്രിസ്റ്റി, ഫുട്ബോൾ ഇതിഹാസം ഡേവിഡ് ബെക്കാം, ചലച്ചിത്രതാരങ്ങളായ ജോൺ ട്രവോൾട്ട, ആഞ്ജലീന ജോളി തുടങ്ങിയ പ്രമുഖർ യാത്രക്കാരിൽ ഉൾപ്പെടുന്നു.
മാർച്ച് മുതൽ നവംബർ വരെയാണ് സർവീസ്. 1920കളിലും 1930കളിലും ഉപയോഗത്തിലിരുന്ന, മനോഹരമായി പുനഃസ്ഥാപിച്ച ബോഗികൾ ഉൾപ്പെടുന്നതാണ് ഓറിയന്റ് എക്സ്പ്രസ്. പ്രശസ്ത ഗ്ലാസ് ആർട്ടിസ്റ്റ് റെനെ ലാലിക്കിന്റെ അതിശയകരമായ ആർട്ട് ഡെക്കോ ഡിസൈനുകൾ ഉൾക്കൊള്ളുന്നതാണ് ബോഗികൾ.