കണ്ണൂർ: ഗാനമേളയുടെ ശബ്ദത്തിൽനിന്നു മൊബൈൽ ഫോണിൽ സംസാരിക്കാൻ മാറി നടക്കുന്നതിനിടെ യുവാവ് ട്രെയിനിടിച്ചു മരിച്ചു. തില്ലാനൂർ സത്രത്തെ മുഹമ്മദ് റോഷൻ (28) ആണ് മരിച്ചത്.
ഇന്നലെ രാത്രി 11 ഓടെയായിരുന്നു അപകടം. താഴെചൊവ്വ കാഞ്ചികാമാക്ഷിയമ്മൻ കോവിലിൽ നവരാത്രിയോടനുബന്ധിച്ച് നടന്ന ഗാനമേള കേൾക്കാൻ എത്തിയതായിരുന്നു മുഹമ്മദ് റോഷൻ. ഗാനമേള നടക്കുന്നതിനിടെ ഫോൺ വന്നതിനെ തുടർന്ന് ശബ്ദത്തിൽനിന്നു മാറി നടക്കുന്നതിനിടെ അതുവഴി പോവുകയായിരുന്ന നിസാമുദ്ദീൻ എക്സ്പ്രസ് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
ബഹളത്തിനിടെ ട്രെയിനിന്റെ ശബ്ദം കേൾക്കാനാവാത്തതാകാം അപകടത്തിനിടയാക്കിയതെന്നാണ് പോലീസ് പറയുന്നത്. നിർമാണ തൊഴിലാളിയാണ് മരിച്ച മുഹമ്മദ് റോഷൻ. സൗദിയിൽ ജോലി ചെയ്യുന്ന മുഹമ്മദ്-സാബിറ ദന്പതികളുടെ മകനാണ്.
സഹോദരങ്ങൾ: റഹ്മത്ത്, താഹിറ. ടൗൺ പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹം ഉച്ചകഴിഞ്ഞ് താഴെചൊവ്വ ജുമാമസ്ജിദിൽ കബറടക്കും.