മുളങ്കുന്നത്തുകാവ്: റെയിൽവേ സ്റ്റേഷനിൽ വച്ച് പരിചയപ്പെട്ട യുവതിയുടെ ഒപ്പം വന്നവർ യുവാവിനെ തീവണ്ടിയുടെ ബാത്ത് റൂമിൽ വച്ച് കുത്തി പരിക്കേൽപ്പിച്ച് പണം തട്ടിയെടുക്കാൻ ശ്രമിച്ചതായി പരാതി. കൈവിരലുകൾ അറ്റ നിലയിൽ കൊല്ലം അഞ്ചൽ സ്വദേശി രാമചന്ദ്രന്റെ മകൻ രാജീവിനെ (32) തൃശൂർ ഗവ: മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എറണാകുളം റെയിൽവേ സ്റ്റേഷനിൽ നിന്നാണ് രാജീവ് ഗുരുവായൂർ പാസഞ്ചറിൽ കയറിയത്. ട്രെയ്നിൽ യുവതിയുമായി സംസാരിച്ചു കൊണ്ടിരിക്കുന്പോഴാണ് യുവതിയുടെ സുഹൃത്തുക്കളായ രണ്ട് പേർ വന്ന് യുവാവിനെ ഭീഷണിപ്പെടുത്തുകയും പോക്കറ്റിൽ ഉണ്ടായിരുന്ന പണം എടുക്കാൻ ശ്രമിക്കുകയും ചെയ്തത്. തുടർന്ന് രാജീവ് ഓടി ട്രെയിനിന്റെ കുളിമുറിയിൽ കയറി വാതിലടച്ച് രക്ഷപ്പെടുകയായിരുന്നുവത്രെ.
അക്രമികൾ പോയിട്ടുണ്ടാവുമെന്ന് കരുതി വാതിൽ തുറന്നപ്പോൾ പുറത്തു കാത്തുനിൽക്കുകയായിരുന്ന അക്രമികൾ അകത്തു കയറി കത്തികൊണ്ട് കഴുത്തിൽ കുത്താൻ ശ്രമിക്കുകയായിരുന്നുവെന്നും രാജീവ് പറയുന്നു. കുത്ത് തടയാൻ ശ്രമിച്ചപ്പോഴാണത്രെ കൈക്ക് പരിക്കേറ്റത്. ട്രെയിൻ കല്ലേറ്റുംകര എത്തിയപ്പോൾ ട്രെയിനിൽ നിന്ന് രക്ഷപ്പെടുകയായിരുന്നുവെന്നും പറയുന്നു.