മട്ടന്നൂർ: ആലപ്പുഴ- കണ്ണൂർ എക്സിക്യൂട്ടിവ് ഡി 1 ബോഗിയിൽ തീയാളിപടരുന്നത് കണ്ട് രക്ഷപെടാനായി ട്രെയിനിൽ നിന്ന് ചാടി പിഞ്ചുകുട്ടിയടക്കം മൂന്ന് പേർ മരിച്ചതിന്റെ ഞെട്ടലിലാണ് മട്ടന്നൂർ പ്രദേശം.
പാലോട്ടുപള്ളി – കല്ലൂർ റോഡിൽ ഹാജി റോഡിലെ ബദ്റിയ മൻസിലിൽ പരേതനായ അബ്ദുൾ റഹിമാൻ – ജമീല ദമ്പതികളുടെ മകൾ റഹ്മത്ത് (38), റഹ്മത്തിന്റെ സഹോദരി കോഴിക്കോട് ചാലിയം സ്വദേശി ജസീല – ശുഹൈബ് സഖാഫി ദമ്പതികളുടെ മകൾ രണ്ടര വയസുകാരി സഹറ ബത്തൂൽ, കൊടോളി പ്രം വരുവൻ കുണ്ടിലെ നൗഫീക്ക് (42) എന്നിവരാണ് മരിച്ചത്.
സഹറയുടെ പിതാവ് ശുഹൈബ് വിദേശത്തും ഉമ്മ ജസീല ടീച്ചർ കോഴ്സിനും പോയതിനാൽ മകൾ സഹറയെ കൂട്ടാനായി ഇന്നലെ ഉച്ച കഴിഞ്ഞാണ് റഹ്മത്ത് കോഴിക്കോട് പോയത്. അവിടെ നിന്നു നോമ്പ് തുറയും കഴിഞ്ഞ് കുട്ടിയെയും കൂട്ടി വരുന്നതിനിടെയാണ് സംഭവം.
റഹ്മത്തിന്റെ ഉപ്പ അബ്ദുറഹിമാൻ മരിച്ച ദിവസം നാളെയാണ്. ഹമീദ്, ഹുസൈൻ, സഹദ് സഖാഫി, സത്താർ, ജുബൈദിയ, ജസീല എന്നിവർ സഹോദരങ്ങളാണ്.
വാഹനത്തിൽ ഉണക്ക് മത്സ്യം കടകളിൽ വിൽപന നടത്തുന്നയാളാണ് നൗഫീക്ക്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കും.