ഷൊർണൂർ: അമൃത എക്സ്പ്രസിൽ യാത്രക്കാരെ ആക്രമിച്ച് അഞ്ചുലക്ഷം രൂപയും രണ്ട് മൊബൈൽ ഫോണും കവർച്ചചെയ്ത സംഭവത്തിൽ കൂട്ടുപ്രതി പോലീസിനെ വെട്ടിച്ചു രക്ഷപ്പെട്ടു.കേസുമായി ബന്ധപ്പെട്ട് ഇനി പിടിയിലാകാനുള്ളത് എറണാകുളം സ്വദേശിയാണ്. എറണാകുളം മട്ടാഞ്ചേരി അമ്മായിമുക്ക് പനയന്പിള്ളി കട്ടത്തറപ്പറന്പ് ഇജാസ് (18), മട്ടാഞ്ചേരി കപ്പലണ്ടിമുക്ക് പനയന്പള്ളി മാളികവീട്ടിൽ അഫ്സൽ (29) എന്നിവർ ഇതിനകം അറസ്റ്റിലായി.
ഇജാസിനൊപ്പം ആക്രമണത്തിലും പിന്നീട് പണം കവരുന്നതിലും പങ്കുള്ള മുഖ്യപ്രതികളിലൊരാളാണ് ഒളിവിലുള്ളത്. ഇയാൾ ഗോവയിലേക്കു കടന്നെന്ന വിവരത്തെതുടർന്ന് പോലീസ് തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തൃശൂർ മണ്ണുത്തി ചിറമ്മൽ ഫ്രാൻസിസിന്റെ മകൻ വിപിനെ അടിച്ചുപരിക്കേല്പിച്ചാണ് പണവും മൊബൈൽ ഫോണുകളും കവർന്നത്. കവർന്ന പണത്തിൽ 1,10,000 രൂപ ഇജാസിൽനിന്നും കണ്ടെടുത്തിരുന്നു. പ്രതികൾ മൂവരും സേലത്തുനിന്ന് എറണാകുളത്തേക്കു വരുന്പോഴായിരുന്നു സംഭവം
. പാലക്കാടുനിന്നാണ് ഇവർ അമൃതയിൽ കയറിയത്. ഇവിടെനിന്നും കയറിയ വിപിനുമായി ഇവർ സൗഹൃദത്തിലായി. ബാഗിൽ പണമുണ്ടെന്ന് അറിഞ്ഞതോടെ ബാഗിനായി അടിയും പിടിവലിയും നടന്നു. ഭാരതപ്പുഴ റെയിൽവേ സ്റ്റേഷനു സമീപത്തു സിഗ്നലിനായി ട്രെയിൻ നിർത്തിയിട്ടപ്പോഴായിരുന്നു സംഭവം. ഇറങ്ങിയോടി എൻജിൻ ഭാഗത്തെത്തിയ വിപിനെ ഇവിടെവച്ച് ആക്രമിച്ചാണ് ബാഗും പണവും കവർന്നത്. പോലീസ് നടത്തിയ ഉൗർജിത അന്വേഷണത്തിലാണ് രണ്ടു പ്രതികൾ പിടിയിലായത്.